അമേരിക്കയിൽ പ്രോ-ലൈഫ് മൂവ്മെന്റിലേക്ക് കൂടുതൽ യുവജനങ്ങൾ ആകൃഷ്ടരാകുന്നുവെന്ന് റിപ്പോർട്ട്

അമേരിക്കയിൽ പ്രോ-ലൈഫ് പ്രസ്ഥാനത്തിലേക്ക് യുവതീ യുവാക്കൾ മുൻപില്ലാത്ത വിധം വലിയ തോതിൽ ആകർഷിക്കപ്പെടുന്നതായി റിപ്പോർട്ട്. ‘സ്റ്റുഡന്റ്സ് ഫോർ ലൈഫ് ഓഫ് അമേരിക്ക’ എന്ന പ്രമുഖ സംഘടനയും ‘ടേണിംഗ് പോയിന്റ് യു.എസ്.എ’യും ചേർന്ന് കോളേജ് കാമ്പസുകളിൽ ആരംഭിച്ച പുതിയ പ്രചാരണ പരിപാടികളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നേറ്റം ചർച്ചയാകുന്നത്.

ഗർഭച്ഛിദ്ര വിഷയത്തിൽ അമേരിക്കയിലെ പുതിയ തലമുറ, പ്രത്യേകിച്ച് യുവതീ യുവാക്കൾക്കിടയിൽ ആശയപരമായ മാറ്റങ്ങൾ പ്രകടമാണെന്ന് സ്റ്റുഡന്റ്സ് ഫോർ ലൈഫ് ഓഫ് അമേരിക്ക പ്രസിഡന്റ് ക്രിസ്റ്റൻ ഹോക്കിൻസ് വ്യക്തമാക്കുന്നു. കുടുംബങ്ങളുടെ സംരക്ഷകരായി വളരുന്ന ചെറുപ്പക്കാർ ഗർഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുവരുന്നുണ്ട്. മികച്ച കരിയറും സ്വാതന്ത്ര്യവും മാത്രം ലക്ഷ്യമിട്ടുള്ള ആധുനിക ഫെമിനിസം സ്ത്രീകൾക്ക് യഥാർഥ സംതൃപ്തിയോ സന്തോഷമോ നൽകിയിട്ടില്ലെന്നും, ഉത്കണ്ഠയും വിഷാദവും വർധിക്കാൻ ഇത് കാരണമായിട്ടുണ്ടെന്നും യുവജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അമ്മയാകുക എന്നത് ഒരു ബാധ്യതയല്ല, മറിച്ച് സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനയാണെന്ന സന്ദേശമാണ് ഈ ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്.

വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ സംവാദങ്ങൾ വളർത്തിയെടുക്കാനും, ഗർഭച്ഛിദ്രത്തോടുള്ള നിലപാടുകളിൽ മാറ്റം വരുത്താനും ഇത്തരം കാമ്പസ് സംരംഭങ്ങൾ സഹായകരമാകുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. കുടുംബത്തെയും ജീവന്റെ വിലയെയും കുറിച്ച് ചിന്തിക്കാൻ പുതിയ തലമുറ തയ്യാറാകുന്നു എന്നതിന്റെ ലക്ഷണമായാണ് ഇതിനെ വിലയിരുത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*