സൈബർ തട്ടിപ്പിനിരയായ വനിതക്ക് 3.73 ലക്ഷം രൂപ തിരികെ നൽകാൻ എസ്ബിഐയോട് ഹൈക്കോടതി

സൈബർ തട്ടിപ്പിനിരയായ വനിതക്ക് 3.73 ലക്ഷം രൂപ തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (SBI) കേരള ഹൈക്കോടതി നിർദേശിച്ചു. സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം നിശ്ചിത സമയത്തിനുള്ളിൽ ബാങ്കിനെയും പോലീസിനെയും അറിയിച്ചതിനാൽ പണം തിരികെ ലഭിക്കാൻ ഹർജിക്കാരിക്ക് അർഹതയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

സംഭവം നടന്ന ഉടൻ തന്നെ സ്ത്രീ പരാതി നൽകിയിരുന്നെങ്കിലും, അക്കൗണ്ടിൽ നിന്ന് ചോർത്തിയ തുക തിരികെ നിക്ഷേപിക്കാൻ ബാങ്ക് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തിയയാളെ പോലീസ് കണ്ടെത്തിയ ശേഷവും ബാങ്ക് തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

‘ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യൽ’

2019 ജൂലൈ 13ന് രാവിലെ, തന്റെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ പോകുകയാണെന്നും അത് ഓൺലൈനായി വീണ്ടും ആക്റ്റിവേറ്റ് ചെയ്യാമെന്നും കാണിച്ച് ടെക്സ്റ്റ് മെസേജ് ലഭിച്ചതായി ഹർജിക്കാരി പറഞ്ഞു. ചിപ്പ് ഇല്ലാത്ത ഡെബിറ്റ് കാർഡുകൾ എസ്ബിഐ ബ്ലോക്ക് ചെയ്യുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പിന്നീട്, അതേ ഫോൺ നമ്പറിൽ നിന്ന് ഡെബിറ്റ് കാർഡ് ബ്ലോക്ക് ആയതായി അറിയിച്ചുകൊണ്ട് ഒരു കോൾ ലഭിച്ചു. തുടർന്ന് ‘സ്റ്റേറ്റ് ബാങ്ക് സെക്യൂർ ആപ്പ്’ രജിസ്റ്റർ ചെയ്യുന്നതിനായി വൺ ടൈം പാസ്‌വേഡ് (OTP) അടക്കമുള്ള വിവരങ്ങൾ നൽകാൻ ഹർജിക്കാരിയോട് നിർദേശിക്കുകയായിരുന്നു.

ഒടിപി കൈമാറിയ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് 3.73 ലക്ഷം രൂപ പിൻവലിക്കപ്പെട്ടു. ഉടൻ തന്നെ എസ്ബിഐയുടെ കസ്റ്റമർ കെയർ സർവീസിലേക്ക് വിളിച്ച് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. തുടർന്ന് ബ്രാഞ്ച് മാനേജർക്കും മട്ടന്നൂർ പോലീസിനും പരാതി നൽകുകയും ചെയ്തു.

പരാതി തള്ളി

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സന്ദീപ് ബൗരിയാണ് ഹർജിക്കാരിയുടെ പണം കവർന്നതെന്ന് പോലീസ് കണ്ടെത്തി. പണം തിരികെ ലഭിക്കുന്നതിനായി ഹർജിക്കാരി ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും പരാതി തള്ളുകയായിരുന്നു. തട്ടിപ്പിന് ഹർജിക്കാരിയും പങ്കാളിയാണെന്നും അതിനാൽ പണം തിരികെ ലഭിക്കാൻ അർഹതയില്ലെന്നുമായിരുന്നു ഓംബുഡ്സ്മാന്റെ വാദം. ആപ്പിൽ രജിസ്റ്റർ ചെയ്യാനാണ് ഒടിപി നൽകുന്നതെന്നും പണം പിൻവലിക്കാൻ പ്രത്യേക ഒടിപി ഉണ്ടാകുമെന്നാണ് താൻ കരുതിയതെന്നും ഹർജിക്കാരി വാദിച്ചു.

പോലീസ് റിപ്പോർട്ടുകളിൽ നിന്ന് ഹർജിക്കാരിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമാണെന്ന് കണ്ടെത്തിയ കോടതി, ചോർത്തിയ തുക ഹർജിക്കാരിയുടെ അക്കൗണ്ടിൽ ഉടൻ തിരികെ നിക്ഷേപിക്കാൻ എസ്ബിഐയോട് നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*