പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി തുർക്കി, ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ബുധനാഴ്ച കരാറിൽ ഒപ്പുവെച്ചതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഹകരണം കൂടുതൽ ആഴത്തിലാക്കാനും പങ്കാളിത്തം വികസിപ്പിക്കാനുമുള്ള ആഗ്രഹത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളും ദോഹയിൽ വെച്ച് ‘ബദർ’ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
“ഈ കരാറിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ട്,” എന്ന് വ്യക്തമാക്കിയ മന്ത്രാലയം, സൈനിക ഉൽപ്പാദനത്തിലെ സഹകരണം പ്രോത്സാഹിപ്പിക്കുക, സൈനിക ശേഷി വർധിപ്പിക്കുക, സാങ്കേതിക സൈനിക പരിശീലനം, ഗവേഷണം, വികസനം എന്നിവയിൽ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.
“ഓരോ രാജ്യത്തിന്റെയും സവിശേഷമായ സൈനിക ഉൽപ്പാദന ശേഷികൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ നീക്കം പരസ്പര സഹകരണവും സംയോജനവും സുഗമമാക്കുകയും പ്രതിരോധ വ്യാവസായിക ശേഷി വർധിപ്പിക്കുകയും സഖ്യകക്ഷികളുടെയും സൗഹൃദ രാജ്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു.
നാറ്റോയിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിശേഷിയും ശക്തമായ പ്രതിരോധ വ്യവസായവുമുള്ള തുർക്കി, ഇറാന്റെ യുദ്ധ പശ്ചാത്തലത്തിൽ തങ്ങൾക്ക് സൈനിക താവളമുള്ള ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ അവരുടെ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ, ആണവശക്തിയായ പാകിസ്ഥാനുമായും സൗദി അറേബ്യയുമായും തുർക്കി പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും. കൂടാതെ ഇന്തോനേഷ്യയുമായും, പ്രത്യേകിച്ച് പ്രതിരോധ വ്യാവസായിക മേഖലയിൽ, അങ്കാറയ്ക്ക് അടുത്ത ബന്ധമുണ്ട്.

Be the first to comment