റാഞ്ചി: സർക്കാർ ജോലി സ്വന്തമാക്കാൻ ഭാര്യ കാമുകനൊപ്പം ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡ് ജീവനക്കാരനായ മംഗ്ലേഷ് പാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സോണാലി കുമാരി (23), ഇവരുടെ കാമുകനും ബന്ധുവുമായ കൗശിക് കുമാർ നൗനിയ, പ്രായപൂർത്തിയാകാത്ത മറ്റൊരു കൂട്ടാളി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ഒക്ടോബർ 18-ന് പുലർച്ചെയായിരുന്നു കൊലപാതകം. വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാതരായ മോഷ്ടാക്കൾ തന്നെ കെട്ടിയിടുകയും തുടർന്ന് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സോണാലി ആദ്യം പൊലിസിന് മൊഴി നൽകിയത്.
എന്നാൽ കേസിന്റെ ഗൗരവം ഉൾക്കൊണ്ട് ഹസാരിബാഗ് എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചു. തുടർന്ന് സോണാലിയുടെ മൊഴികളിലെ വൈരുധ്യങ്ങൾ കണ്ടെത്തിയ പൊലിസ്, ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മംഗ്ലേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Be the first to comment