മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്ത സംഘം മറ്റൊരു നടനായ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. രൺബീർ കപൂറിനെ പ്രതികൾ നിരീക്ഷിച്ചിരുന്നതായും നടന്റെ ബാന്ദ്രയിലെ വീട് ഉൾപ്പെടെ നിരീക്ഷണത്തിലുണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബോളിവുഡിലെ കൂടുതൽപേരെ അക്രമികൾ ലക്ഷ്യമിട്ടിരുന്ന എന്ന സംശയവും ഉയരുന്നുണ്ട്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരുടെ നിർദേശപ്രകാരമാണ് മൂന്നംഗസംഘം ടൈഗർ ഷ്റോഫിനെ ആക്രമിച്ചത്. ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികൾക്ക് നിർദേശം നൽകിയത്. നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികൾ മുംബൈയിൽ എത്തിയതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സൽമാൻ ഖാന് കനത്ത സുരക്ഷയുള്ളതിനാൽ പദ്ധതി നടന്നില്ല. ഇതോടെയാണ് പൊലീസ് സുരക്ഷയില്ലാത്ത ടൈഗർ ഷ്റോഫിന്റെ യാത്രകൾ അക്രമികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.
ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് കാറിൽ മടങ്ങുന്നതിനിടെ അക്രമികൾ നടന് നേരേ വെടിയുതിർക്കുകയായിരുന്നു. ഹരിയാണ സ്വദേശികളായ ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇവർക്ക് പിന്നാലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കുനാൽ, സുമതി, രാധ, ബബിത എന്നിവരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പൊലീസിന് കൈമാറി. കുനാലും സുമിത്തുമാണ് അക്രമികൾക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകൾ മുംബൈയിലെ ദാദറിലെത്തി അക്രമികൾക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.

Be the first to comment