ഹര്‍ദീപ് സിംഗ് പുരി എപ്സ്റ്റീനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ത്: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനോടൊപ്പമുള്ള കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ചിത്രം പുറത്ത് വന്നതില്‍ രാഷ്ട്രീയ വിവാദം കനക്കുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബീയോയുടെ മുബൈ സന്ദര്‍ശനത്തിനിടെയാണ് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് ചിത്രം പുറത്ത് വിട്ടത് എന്നതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ചിത്രം പുറത്ത് വന്ന സമയം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരെയാണ് അമേരിക്ക ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചു. റൂബിയോ മുംബൈയില്‍ എത്തുമ്പോള്‍ തന്നെ ചിത്രം പുറത്ത് വരുന്നതില്‍ ദുരൂഹതയുണ്ട്. ഏത് രാജ്യവിരുദ്ധനെയാണ് അമേരിക്ക ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. എന്തിനാണ് കേന്ദ്രമന്ത്രി ജെഫ്രി എപ്സ്റ്റീനെ കണ്ടത്, എന്തായിരുന്നു അതിന്റെ ഉദ്ദേശ്യലക്ഷ്യം എന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

മമത തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മൂന്നോ നാലോ തവണ ജെഫ്രി എപ്സ്റ്റീനുമായി പ്രതിനിധികളോടൊപ്പം താന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് കൂടിക്കാഴ്ച നടത്തി എന്നാണ് മുമ്പ് ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ‘എപ്സ്റ്റീനുമായി ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി 3-4 തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ എന്നാണ് മന്ത്രി നമ്മളോട് പറഞ്ഞത്. ഈ രണ്ട് ഫോട്ടോകളിലും മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നോ?’ എപ്സ്റ്റീനൊപ്പം ഹര്‍ദീപ് സിംഗ് പുരി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘എക്‌സ്’ പോസ്റ്റില്‍ മൊയ്ത്ര ചോദിച്ചു. താങ്കള്‍ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ ക്യാബിനറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ ജെഫ്രി എപ്സ്റ്റീന്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അതേ മുറിയില്‍ വെച്ചാണ് പുരിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന ഗുരുതര ആരോപണവും മഹുവ മൊയ്ത്ര ഉന്നയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഹര്‍ദീപ് സിംഗ് പുരിയും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ 2014 മുതല്‍ 2017 വരെ 62 ഇമെയില്‍ സന്ദേശങ്ങള്‍ പരസ്പരം അയച്ചിട്ടുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ രേഖകള്‍ ഉദ്ദരിച്ചുകൊണ്ട് ഖേര ചൂണ്ടിക്കാട്ടി.


‘ഇതുവരെ അറിവുള്ളിടത്തോളം, 14 കൂടിക്കാഴ്ചകളും വിപുലമായ ആശയവിനിമയങ്ങളും ഇരുവരും തമ്മില്‍ നടന്നിട്ടുണ്ട്. ഇതില്‍ പലതും വ്യക്തിഗത കൂടിക്കാഴ്ചകളായിരുന്നു. നിലവില്‍ പല ചോദ്യങ്ങളും അവശേഷിക്കുമ്പോള്‍ തന്നെ, പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ ഞങ്ങളുടെ വാദങ്ങളെ കൂടുതല്‍ ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്,’ എന്ന് ഖേര ‘എക്‌സ്’ പോസ്റ്റില്‍ പറഞ്ഞു. ഇന്നലെയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*