ധാക്ക: സൗദി അറേബ്യയില്‍ ബംഗ്ലാദേശ് സ്വദേശികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയതില്‍ പ്രതിഷേധം ശക്തം. ബംഗ്ലാദേശിനെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയതിനെ ചോദ്യം ചെയ്ത് രാജ്യം സൗദിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ താന്‍ വളരെ നിരാശനാണെന്നും എന്തിന് വധശിക്ഷ നടപ്പാക്കി, എന്തുകൊണ്ട് വധശിക്ഷയെ കുറിച്ച് അറിയിച്ചില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കൊബിര്‍ പ്രതികരിച്ചു.
‘വിഷയത്തെ കുറിച്ച് ഞങ്ങളുടെ നല്ല ഉഭയകക്ഷി പങ്കാളിയായ സൗദിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈമാറുന്നതില്‍ എന്തുകൊണ്ട് വിടവ് സംഭവിച്ചെന്നും ചോദിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തെ കുറിച്ചും നിയമനടപടികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് സൗദി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ശമാ ഒബെയ്ദ് ഇസ്ലാമും പ്രതികരിച്ചിട്ടുണ്ട്. സൗദി സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും വിദേശത്തുള്ള ബംഗ്ലാദേശികളുടെ ക്ഷേമവും താല്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ വധശിക്ഷയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം സൗദിയെ സമീപിച്ചിരുന്നു. സൗദി അറേബ്യ പങ്കുവെച്ച ജയില്‍ തടവുകാരുടെ പട്ടികയില്‍ ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നുവെന്നും എന്നാല്‍ വധശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നില്ലെന്നും ബംഗ്ലാദേശ് പറഞ്ഞിരുന്നു. നിലവില്‍ നല്ല ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ബംഗ്ലാദേശും സൗദി അറേബ്യയും. സൗദി അറേബ്യയില്‍ ഏകദേശം മൂന്ന് മില്യണിലധികം ബംഗ്ലാദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പേരും തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.

Be the first to comment