ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാനും സഭയുടെ ജീവിതത്തിൽ സജീവമായി പങ്കുചേരാനും യുവജനങ്ങളെ പ്രാപ്തരാക്കുന്ന ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ ലെയോ പതിനാലാമൻ മാർപാപ്പ പ്രശംസിച്ചു.
ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയ മാർപാപ്പ, പത്രോസിന്റെ പിൻഗാമിയുമായുള്ള പ്രസ്ഥാനത്തിന്റെ ആദ്യ കൂടിക്കാഴ്ചയെ ഒരു സവിശേഷ അനുഗ്രഹനിമിഷമായി വിശേഷിപ്പിച്ചു. കേരളത്തിൽ രൂപംകൊണ്ട ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നാൽപ്പതുവർഷത്തെ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി, സിനഡൽ ചൈതന്യത്തിൽ വിപുലമായ കൂടിയാലോചനകളും പ്രാർത്ഥനാപൂർവമായ വിവേചനവും നടത്തി പ്രസ്ഥാനത്തിന്റെ ഭാവി ദിശ നിർണയിക്കുന്ന പ്രവർത്തനങ്ങളിൽ അംഗങ്ങൾ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, 2026 ഒക്ടോബർ 23-ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ജീസസ് യൂത്തിന്റെ പരിഷ്കരിച്ച ചട്ടങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി. 2016 മെയ് മാസത്തിൽ പരിശുദ്ധ സിംഹാസനത്തിൽനിന്ന് അന്താരാഷ്ട്ര വിശ്വാസിസംഘടന എന്ന അംഗീകാരം ലഭിച്ചതിന് പത്തുവർഷം പിന്നിടുന്ന വേളയിലാണ് ഈ അംഗീകാരം.
യേശുവിന്റെ സ്നേഹം കണ്ടെത്തുന്നതിലാണ് യഥാർഥ നവീകരണത്തിന്റെ തുടക്കം
ഇന്ത്യയിൽ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി യുവജനങ്ങളുടെ സ്വാഭാവികമായ ആത്മീയ മുന്നേറ്റത്തിൽനിന്നാണ് ജീസസ് യൂത്ത് രൂപംകൊണ്ടതെന്ന് മാർപാപ്പ അനുസ്മരിച്ചു.
“സഭയിലെ ഏതൊരു യഥാർഥ നവീകരണത്തിന്റെയും തുടക്കം യേശുവിന്റെ സ്നേഹം സ്വന്തം ജീവിതത്തിൽ കണ്ടെത്തുന്നതിലാണ്,” അദ്ദേഹം പറഞ്ഞു.
വിവിധ പ്രാർത്ഥനാഗ്രൂപ്പുകളിൽ പങ്കെടുത്തിരുന്ന യുവജനങ്ങൾ തങ്ങൾ അനുഭവിച്ച ആത്മീയ ഉണർവിനെയും പ്രേഷിത തീക്ഷ്ണതയെയും കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും അതിന് ദിശാബോധം നൽകുന്നതിനുമായി ഒരുമിച്ചുചേരേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. അങ്ങനെയാണ് ജീസസ് യൂത്ത് പ്രസ്ഥാനം വളർന്നുവന്നതെന്നും മാർപാപ്പ വിശദീകരിച്ചു.
സഭയുമായുള്ള ബന്ധത്തിൽ കൂടുതൽ പക്വതയാർജിക്കുന്ന ഈ ഘട്ടത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കാനും ജീസസ് യൂത്ത് അംഗങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുവജനങ്ങൾക്ക് ക്രിസ്തുവിന്റെ സ്നേഹം അനുഭവവേദ്യമാക്കുക
ജീസസ് യൂത്ത് പ്രസ്ഥാനത്തിലൂടെ വിശ്വാസത്തിന്റെ സന്തോഷം മറ്റുള്ളവരിലേക്ക് പകരുന്ന അനേകം യുവജനങ്ങൾ വളർന്നുവന്നിട്ടുണ്ടെന്ന് മാർപാപ്പ പറഞ്ഞു. രോഗാവസ്ഥയിലും ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളിലും വിശുദ്ധ കുർബാനയിൽ സന്നിഹിതനായ യേശുവിനോടുള്ള സ്നേഹത്തിലൂടെ ശക്തി കണ്ടെത്തിയ അജ്ന ജോർജിന്റെ ജീവിതവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
“നിങ്ങളുടെ പ്രേഷിത തീക്ഷ്ണത നഷ്ടപ്പെടുത്തരുത്. മറിച്ച്, അതിനെ കൂടുതൽ പരിപോഷിപ്പിക്കുകയും പുതിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക. ഇതെല്ലാം സാധ്യമാകുന്നത് നിങ്ങളുടെ ദൃഷ്ടി യേശുക്രിസ്തുവിൽ ഉറപ്പിച്ചുനിർത്തുമ്പോൾ മാത്രമാണ്,” മാർപാപ്പ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവർ ന്യൂനപക്ഷമായിരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീസസ് യൂത്ത് സജീവമായി പ്രവർത്തിക്കുന്നതിനെ മാർപാപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി. അത്തരം ഇടങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കുന്നതിലൂടെ, ക്രിസ്തുവിന്റെ സ്നേഹം കണ്ടെത്താനുള്ള ആഴമായ ആഗ്രഹം മറ്റുള്ളവരിൽ ഉണർത്താൻ പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
യുവജനങ്ങൾക്ക് വിവാഹജീവിതത്തിലേക്കുള്ള ദൈവവിളിയും പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള വിളിയും തിരിച്ചറിയാൻ സഹായിക്കേണ്ടതിന്റെ പ്രാധാന്യവും മാർപാപ്പ ഓർമിപ്പിച്ചു.
“ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമായതിനാൽ അവരുടെ ജീവിതം മഹത്തരവും മനോഹരവുമാണെന്ന് യുവജനങ്ങൾ തിരിച്ചറിയണം,” അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങൾക്കിടയിലും ഐക്യം കാത്തുസൂക്ഷിക്കുക
വിശ്വാസത്തിലുള്ള യുവത്വത്തിന്റെ പ്രസരിപ്പും ആവേശവും എന്നും നിലനിർത്താൻ ജീസസ് യൂത്ത് അംഗങ്ങളോട് മാർപാപ്പ ആഹ്വാനം ചെയ്തു. ആരാധനാക്രമങ്ങളിലെ വ്യത്യാസങ്ങൾ മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെ ക്ഷമയോടെയും പരസ്പര ബഹുമാനത്തോടെയും അതിജീവിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
“നിങ്ങളുടെ പ്രസ്ഥാനത്തിന്റെ സവിശേഷതകളായ സാമൂഹിക പശ്ചാത്തലങ്ങളിലെയും സംസ്കാരങ്ങളിലെയും ഭാഷകളിലെയും വലിയ വൈവിധ്യങ്ങൾക്കിടയിലും, പ്രത്യേകിച്ച് നിങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുക,” എന്ന ആഹ്വാനത്തോടെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
ക്രിസ്തുവിന്റെ സ്നേഹം സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയുകയും ആ സ്നേഹം ലോകമെമ്പാടുമുള്ള യുവജനങ്ങളിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ദൗത്യം. പ്രാർത്ഥനയിലും വിശ്വാസത്തിലും ഐക്യത്തിലും അധിഷ്ഠിതമായ ഈ ദൗത്യം പുതിയ തലമുറകൾക്ക് പ്രത്യാശയും ദൈവവിളി തിരിച്ചറിയാനുള്ള വെളിച്ചവും പകരട്ടെ.

Be the first to comment