വി. ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ അപൂർവമായ തിരുശേഷിപ്പും ചരിത്രപ്രധാനമായ കലാരൂപങ്ങളും പ്രദർശനത്തിന് എത്തിച്ചു. സാൻ ഫ്രാൻസിസ്കോയിലെ സെന്റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ ഒക്ടോബർ 16 മുതൽ നവംബർ 28 വരെയാണ് ഈ പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.
നൈറ്റ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസീസി, സാൻ ഫ്രാൻസിസ്കോ അതിരൂപത, നാഷണൽ ഷ്രൈൻ ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസീസി, കത്തീഡ്രൽ ഓഫ് സെന്റ് മേരി ഓഫ് ദി അസംപ്ഷൻ, ബെനഡിക്ട് XVI ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്നാണ് ഈ അപൂർവമായ പ്രദർശനം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 28 വരെ സാൻ ഫ്രാൻസിസ്കോയിലെ കത്തീഡ്രൽ ഓഫ് സെന്റ് മേരി ഓഫ് ദി അസംപ്ഷൻ സന്ദർശിക്കാനും, വിശുദ്ധ ഫ്രാൻസിസിന്റെ പ്രത്യേക തിരുശേഷിപ്പ്, വിശിഷ്ടമായ ചിത്രകലാരൂപങ്ങൾ, കാലിഫോർണിയയിലെ ചരിത്രപ്രധാനമായ 21 മിഷനുകളുടെ മാതൃകകൾ എന്നിവ കാണാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.
കൂടാതെ ബെനഡിക്ട് XVI ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ‘കാന്റിക്കിൾ ഓഫ് ദി ക്രീച്ചേഴ്സ്’ എന്ന കൈയെഴുത്തുപ്രതിക്ക് മുന്നിൽ പ്രാർഥിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രമുഖ നവോത്ഥാന ചിത്രകാരനായ ഡോണോ ഡോണിയുടെ ‘സ്റ്റിഗ്മാറ്റ ഓഫ് സെന്റ് ഫ്രാൻസിസ്’, ‘ക്രൂസിഫിക്സ് ഓഫ് സെന്റ് ഫ്രാൻസിസ്’, സെനി ഡി പെപ്പോയുടെ ‘സെന്റ് ഫ്രാൻസിസ് ഓഫ് അസീസി’, വിശുദ്ധ ക്ലെയറിന്റെ മുഖപടത്തിന്റെ പ്രശസ്തമായ ചിത്രം തുടങ്ങിയ നിരവധി ചരിത്രപ്രസിദ്ധമായ പെയിന്റിങ്ങുകൾ പ്രദർശനത്തിലുണ്ട്.

Be the first to comment