ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി നേഹ ബോറ

ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ രംഗത്ത്. തന്റെ പ്രസ്താവന മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് നേഹ ബോറ വ്യക്തമാക്കി. ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ദേശീയ കോൺഫറൻസിൽ പ്രദർശിപ്പിക്കാൻ തയ്യാറാക്കിയ വീഡിയോ ആണ് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാളിത്തത്തെയാണ് താൻ പ്രചോദനമായി പരാമർശിച്ചതെന്നും, എന്നാൽ അവിടുത്തെ തീവ്ര വലതുപക്ഷം പ്രചരിപ്പിച്ച അശാസ്ത്രീയ വിവരങ്ങൾ ഇന്ത്യയിലെ വലതുപക്ഷ ശക്തികൾ ഏറ്റെടുക്കുകയായിരുന്നുവെന്നും നേഹ വിശദീകരിച്ചു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വീഡിയോയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയാണ് ഇത് പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ ഭരണ അട്ടിമറിയാണ് നേഹയ്ക്ക് പ്രചോദനമെന്ന് കാണിച്ച് ബി.ജെ.പി വ്യാപകമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഐസ നേതൃത്വത്തിന്റെ ആവശ്യപ്രകാരം നേഹ വിശദീകരണം നൽകിയത്.

നേഹ ബോറയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി, ഈ പ്രസ്താവനകൾ രാഹുലിന്റെ ചിന്താഗതിയാണ് വ്യക്തമാക്കുന്നതെന്ന് ആരോപിച്ചിരുന്നു. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും ഭരണമാറ്റം കൊണ്ടുവരാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രധാന വിമർശനം

Be the first to comment

Leave a Reply

Your email address will not be published.


*