ഡോണാൾഡ് ട്രംപിന്റെ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഡാറ്റാ ചോർച്ച കേസിൽ മെറ്റ പ്ലാറ്റ്ഫോംസ് 25 ബില്യൺ ഡോളർ പിഴ നൽകാൻ ന്യൂ മെക്സിക്കോയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ദശലക്ഷക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ കൺസൾട്ടിംഗ് സ്ഥാപനം നേടിയെടുത്തെന്ന ആരോപണത്തിൽ കമ്പനി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായി ജൂറി കണ്ടെത്തിയിരുന്നു. 2021-ൽ ന്യൂ മെക്സിക്കോയിലെ അറ്റോർണി ജനറൽ മെറ്റക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ബ്രിട്ടീഷ് രാഷ്ട്രീയ കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഒരു തേർഡ് പാർട്ടി ആപ്പ് വഴി 87 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തലുകൾ വന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയിലേക്ക് ആർക്കാണ് പ്രവേശനമെന്നും, വിദ്വേഷ പ്രസംഗങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മറ്റ് ആഭ്യന്തര നയങ്ങളെക്കുറിച്ചും മെറ്റാ ന്യൂ മെക്സിക്കോയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളോട് കള്ളം പറഞ്ഞതായി സംസ്ഥാനം ആരോപിച്ചു. തേർഡ് പാർട്ടികൾക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയിലേക്ക് വ്യാപകമായ പ്രവേശനമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നെന്നും ഇത് മെറ്റയുടെ വരുമാനത്തിന് ഗുണകരമായപ്പോൾ വിദ്വേഷ പ്രസംഗങ്ങളോ മറ്റ് ദോഷകരമായ ഉള്ളടക്കങ്ങളോ അവർ വെച്ചുപൊറുപ്പിച്ചെന്നും സംസ്ഥാനം പറഞ്ഞു.
സെപ്റ്റംബർ 25-ന് ജൂറിമാർ കണ്ടെത്തിയത് കമ്പനിയും അതിന്റെ നേതൃത്വവും നടത്തിയ 29 പ്രസ്താവനകളിൽ 26 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു എന്നാണ്. ഓരോ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയ്ക്കും വിധേയരായ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെയും ന്യൂ മെക്സിക്കോ നിവാസികളുടെയും എണ്ണത്തെ അടിസ്ഥാനമാക്കി, ന്യൂ മെക്സിക്കോയുടെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ 43 ദശലക്ഷത്തിലധികം ലംഘനങ്ങൾ കമ്പനി നടത്തിയെന്ന് ജൂറി വ്യക്തമാക്കി. ഒരു ലംഘനത്തിന് 5,000 ഡോളർ വരെ പിഴ ചുമത്താൻ സംസ്ഥാന നിയമം അനുവദിക്കുന്നുണ്ടെന്നും ഈ പണം മുഴുവൻ ന്യൂ മെക്സിക്കോയുടെ സ്കൂൾ സിസ്റ്റത്തിലേക്ക് പോകുമെന്നും അറ്റോർണി ജനറൽ റൗൾ ടോറസ് വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 1 ന് നടന്ന വാദത്തിൽ, ന്യൂ മെക്സിക്കോയുടെ അഭിഭാഷകനായ റാൻഡി മക്ഗിൻ 35 ബില്യൺ ഡോളറിനും 40 ബില്യൺ ഡോളറിനും ഇടയിൽ സംസ്ഥാനത്തിന് പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് യുഎസ് ഭരണഘടനയുടെ ഡ്യൂ പ്രോസസ്സ് സംരക്ഷണങ്ങളും ജൂറിയുടെ വിധിയും പിന്തുണയ്ക്കുമെന്നും മക്ഗിൻ പറഞ്ഞു. ഈ വിധി മെറ്റയ്ക്ക് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ, അതായത് പണത്തിന്റെ ഭാഷയിൽ, അവരുടെ ഓഹരി വിലയുടെ മൂല്യം മനസ്സിലാക്കി കൊടുക്കണമെന്നും മക്ഗിൻ കൂട്ടിച്ചേർത്തു.
കൂടിയ പിഴ സംസ്ഥാനത്ത് നിന്ന് ബിസിനസുകൾ ഒഴിഞ്ഞുപോവുന്നതിന് കാരണമാകുമെന്നും അതിനാൽ പിഴ 3.45 ബില്യൺ ഡോളറായി പരിമിതപ്പെടുത്തണമെന്നും മെറ്റ കോടതിയിൽ വാദിച്ചു. മെറ്റ ഉപയോക്തൃ ഡാറ്റ വിൽക്കുന്നില്ലെന്നും ഒരു ഉപഭോക്താവിനും യഥാർത്ഥത്തിൽ തെറ്റിദ്ധാരണയുണ്ടായെന്ന് ന്യൂ മെക്സിക്കോ തെളിയിച്ചിട്ടില്ലെന്നും കമ്പനി കോടതിയിൽ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ന്യൂ മെക്സിക്കോ സംസ്ഥാനം മെറ്റ പ്ലാറ്റ്ഫോംസിനെതിരെ കൊണ്ടുവന്ന രണ്ടാമത്തെ കേസിലാണ് സാന്താ ഫെ ജൂറി ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത്.
മാർച്ചിൽ അവസാനിച്ച ആദ്യ വിചാരണയിൽ, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിൽ ചെറുപ്പക്കാരായ ഉപയോക്താക്കളുടെ സുരക്ഷയെക്കുറിച്ച് മെറ്റ തെറ്റിദ്ധാരണ പരത്തിയെന്ന് സാന്താ ഫെ ജൂറി കണ്ടെത്തിയിരുന്നു. ഈ കേസിൽ 375 മില്യൺ ഡോളർ സിവിൽ പിഴ നൽകാൻ കമ്പനിയോട് ഉത്തരവിടുകയും ചെയ്തിരുന്നു. ആ വിചാരണയുടെ രണ്ടാം ഘട്ടത്തിൽ, കൗമാരക്കാരുടെ മാനസികാരോഗ്യത്തിനായി ന്യൂ മെക്സിക്കോ ഫണ്ടിലേക്ക് 567 മില്യൺ ഡോളർ നൽകാനും ന്യൂ മെക്സിക്കോയിലെ കൗമാരക്കാരായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ സംരക്ഷിക്കാൻ നടപടികൾ നടപ്പിലാക്കാനും ഒരു ജഡ്ജി മെറ്റയോട് നിർദ്ദേശിച്ചു.

Be the first to comment