അമേരിക്കൻ ഗ്രീൻ കാർഡ് നേടുന്നതിനായുള്ള EB-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാം വഴി അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് നവംബർ 30, 2026 മുതൽ ഉയർന്ന ഫീസ് നൽകേണ്ടിവരും. ചില അപേക്ഷാ ഫീസുകൾ ഇരട്ടിയിലധികം വർധിക്കുമെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അറിയിച്ചത്. റീജിയണൽ സെന്റർ നിക്ഷേപകർക്ക് 114 ശതമാനവും സ്റ്റാൻഡ്എലോൺ നിക്ഷേപകർക്ക് 107 ശതമാനവുമാണ് ഫയലിംഗ് ഫീസ് കൂടുന്നത്.
അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലെ അപേക്ഷകരെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ഈ മാറ്റങ്ങൾ ബാധിക്കും. എന്നാൽ, ഈ പ്രോഗ്രാമിനായുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയിൽ മാറ്റമില്ല. ഒക്ടോബർ 21, 2026-ലെ വിനിമയ നിരക്ക് പ്രകാരം ഒരു ഡോളറിന് 94.39 രൂപ എന്ന കണക്കിൽ, ഇന്ത്യൻ അപേക്ഷകർക്ക് വർദ്ധിച്ച ഫീസ് വലിയ സാമ്പത്തിക ഭാരമാകും. പുതുക്കിയ ഫീസ് നവംബർ 30-നോ അതിനുശേഷമോ പോസ്റ്റ്മാർക്ക് ചെയ്ത അപേക്ഷകൾക്കും പെറ്റീഷനുകൾക്കും ബാധകമാകും.
റീജിയണൽ സെന്റർ നിക്ഷേപകർക്ക് Form I-526E പെറ്റീഷനും ഇന്റഗ്രിറ്റി ഫണ്ട് ഫീസും ഉൾപ്പെടെയുള്ള ചെലവ് 4,675 ഡോളറിൽ നിന്ന് 8,950 ഡോളറായി ഉയരും. ഇത് ഏകദേശം 4.04 ലക്ഷം രൂപയുടെ വർദ്ധനവാണ്. സ്റ്റാൻഡ്എലോൺ നിക്ഷേപകർക്ക് Form I-526 ഫീസ് 3,675 ഡോളറിൽ നിന്ന് 7,615 ഡോളറായി വർധിക്കുമ്പോൾ ഏകദേശം 3.72 ലക്ഷം രൂപയുടെ വർദ്ധനവ് വരും.
സ്ഥിര താമസ പദവിയിലെ വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിനുള്ള Form I-829-ന്റെ ഫീസ് 3,750 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയരും. യോഗ്യരായ വിദേശ നിക്ഷേപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അമേരിക്കൻ വാണിജ്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തി 10 മുഴുവൻ സമയ ജോലികൾ സൃഷ്ടിക്കുന്നതിലൂടെ യുഎസ് സ്ഥിരതാമസാനുമതി നേടാൻ EB-5 പ്രോഗ്രാം സഹായിക്കുന്നു. നിലവിൽ, ടാർഗെറ്റഡ് എംപ്ലോയ്മെന്റ് ഏരിയകളിലെ യോഗ്യമായ പ്രോജക്റ്റുകൾക്ക് കുറഞ്ഞ നിക്ഷേപം 800,000 ഡോളറാണ് (ഏകദേശം 7.55 കോടി രൂപ).
മറ്റ് നിക്ഷേപങ്ങൾക്ക് ഇത് 1.05 മില്യൺ ഡോളർ (ഏകദേശം 9.91 കോടി രൂപ) ആണ്. ഈ നിക്ഷേപ പരിധികൾ സർക്കാർ ഫയലിംഗ് ഫീസുകൾ, നിയമപരമായ ചെലവുകൾ, മറ്റ് പ്രോജക്റ്റ് സംബന്ധമായ ചെലവുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. EB-5 പ്രോഗ്രാമിന്റെ നടത്തിപ്പ് ചെലവുകൾ നികത്തുന്നതിനും അപേക്ഷാ പ്രോസസ്സിംഗ് മെച്ചപ്പെടുത്തുന്നതിനും മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഫീസ് വർദ്ധനവെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

Be the first to comment