കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ .കേരള ഗവർണർ പദവിയിൽ അവസാനത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം ലോക്ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തിൽ പിന്നിട്ടത്. സർക്കാരും ജനങ്ങളും പലഘട്ടങ്ങളിൽ സഹകരിച്ച കാരണമാണ് നന്നായി പ്രവർത്തിക്കാനായത്. രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തതിനും ആർലേക്കർ നന്ദി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്ന് ഗവർണർ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമാണെന്നും അത് വിവാദങ്ങളല്ലെന്നും ഗവർണർ പറഞ്ഞു.
ഭരണ കാലയളവിൽ രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു. നല്ല ബന്ധമായിരുന്നു. രണ്ട് സർക്കാരിനോടും നന്ദി പറയുന്നു. മാധ്യമങ്ങളോടും നന്ദി. ഉത്തരം വേണ്ട കാര്യങ്ങളിൽ തൻ്റെ ഭാഗം ജനങ്ങളോട് പറയാൻ ചോദ്യങ്ങൾ ചോദിച്ചു. ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെ കാലയളവ് പൂർത്തിയാക്കാൻ കഴിഞ്ഞു. രണ്ട് അഭിപ്രായം ഉണ്ടാകും. അതിനർത്ഥം വിവാദമല്ല. ചില മന്ത്രിമാർ ഞാൻ പറയുന്നത് അംഗീകരിച്ചു.
പോകുമ്പോൾ പുസ്തകങ്ങൾ മാത്രമാണ് കൊണ്ടു പോകുന്നത്. എല്ലാവരും പുസ്തകം വായിക്കണം. പുസ്തകം എൻ്റെ സുഹൃത്തുക്കളാണ്. ഷേക്സ്പിയറിൻ്റെയും എൻ്റെയും ജന്മദിനം ഒരേ ദിവസമാണ്; അതായിരിക്കാം പുസ്തകങ്ങളോട് ഇഷ്ടം. പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നത് ഭാഗ്യമാണ്- ആർലേക്കർ പറഞ്ഞു.
സർക്കാരിന്റെ യാത്രയയപ്പ്
കേരള ഗവർണർ പദവി ഒഴിയുന്ന രാജേന്ദ്ര അർലേക്കർക്ക് സംസ്ഥാന സർക്കാരിന്റെ യാത്രയയപ്പ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നൽകുന്ന യാത്രയപ്പിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ പങ്കെടുക്കും. തമിഴ്നാട് ഗവർണറായി നിയമിച്ച ആർലേക്കർ അവിടെ ചുമതല ഏറ്റിരുന്നു. നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂർ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത ഗവർണർ പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തും.

Be the first to comment