യുഎസ് വിസ റദ്ദാക്കലുകൾ 3 ലക്ഷം കടന്നു: ചരിത്രത്തിലെ ഏറ്റവും വേഗതയിലെന്ന് അധികൃതർ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണത്തിൽ റദ്ദാക്കിയ യുഎസ് വിസകളുടെ എണ്ണം 3 ലക്ഷം കവിഞ്ഞതായി യുഎസ് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ഓഗസ്റ്റ് 10-ന് 1.75 ലക്ഷം വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇത് 2.50 ലക്ഷമായി ഉയർന്നു.

ചരിത്രത്തിലെ മറ്റേതൊരു ഭരണകൂടത്തേക്കാളും വേഗത്തിലാണ് വിസകൾ റദ്ദാക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗറ്റ് പറഞ്ഞു. നിയമം ലംഘിക്കുകയോ തട്ടിപ്പ് നടത്തുകയോ രാജ്യസുരക്ഷയെ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന വിദേശികളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് നിയമപരമായ കുടിയേറ്റം പോലും തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു.

‘ബർത്ത് ടൂറിസം’ തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി 4,000 വിസകൾ റദ്ദാക്കിയതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കൂട്ടിച്ചേർത്തു. കുട്ടികൾക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിനായി വിദേശികൾ യുഎസിലേക്ക് യാത്ര ചെയ്ത് പ്രസവിക്കുന്ന രീതിയാണ് ‘ബർത്ത് ടൂറിസം’. ഇതിനായി തട്ടിപ്പുകൾ നടത്തുന്നവരെ കണ്ടെത്താൻ ‘ടാസ്‌ക് ഫോഴ്‌സ് ടു എൻഡ് ബർത്ത് ടൂറിസം’ എന്നൊരു സംഘത്തെ ട്രംപ് ഭരണകൂടം ഓഗസ്റ്റിൽ രൂപീകരിച്ചിരുന്നു.

നിയമം ലംഘിക്കുന്ന വിദേശികളെ ലക്ഷ്യമിടുന്നു എന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാദം മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ പകുതിയോടെ, സെപ്റ്റംബർ 2025-ൽ ഒരു യൂട്ടാ കോളേജ് കാമ്പസിൽ വെച്ച് കൊല്ലപ്പെട്ട കൺസർവേറ്റീവ് കമന്റേറ്റർ ചാർലി കിർക്കിന്റെ വധത്തെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കമന്റ് ചെയ്ത ആറ് വിദേശികളുടെ വിസ റദ്ദാക്കിയതും വിമർശനത്തിന് കാരണമായിരുന്നു.

അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ ഔദ്യോഗിക സന്ദർശന വേളയിലാണ് ഈ പുതിയ കണക്കുകൾ പുറത്തുവന്നത്. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും അന്തിമമാക്കാത്ത വ്യാപാര കരാർ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് റൂബിയോയുടെ സന്ദർശനം. വിസ നിയന്ത്രണങ്ങൾ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും 20 വർഷത്തെ അവഗണന പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പ്രോഗ്രാം മൈക്രോസോഫ്റ്റ്, ടിസിഎസ്, ഇൻഫോസിസ്, കോഗ്നിസന്റ് തുടങ്ങിയ നിരവധി കമ്പനികൾക്ക് യുഎസ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് റൂബിയോയുടെ ഈ പ്രതികരണം. ഈ കമ്പനികളിൽ വലിയൊരു ഭാഗവും ഇന്ത്യ ആസ്ഥാനമാക്കിയവയോ അവിടെ ശക്തമായ പ്രവർത്തനങ്ങളുള്ളവയോ ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*