യുഡിഎഫ് സർക്കാരിന് പാർട്ടിക്കുള്ളിൽ നിന്നോ മുന്നണിക്കുള്ളിൽ നിന്നോ യാതൊരു സമ്മർദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത്തരം വാർത്തകൾ എല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് തനിക്കുമേൽ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ല. മുസ്ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ പിടിച്ചെടുക്കും. 1940-കളിലെ മുസ്ലിം ലീഗല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയായി പ്രവർത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്നും ഇപ്പോഴും അത് തുടരുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും വി. ഡി. സതീശൻ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ ഇപ്പോൾ എല്ലാം തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്. ആർക്കും ആരെ വേണമെങ്കിലും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോയാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സ്വയം ബോധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മാനുഷികമായ തെറ്റുകൾ എല്ലാവർക്കുമുള്ളതുപോലെ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Be the first to comment