ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും

ജർമനിയിലെ ബോഹുമിലുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞ മൂന്ന് മലയാളി വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെ 1.30-ഓടെ അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹങ്ങളും രാത്രി 8.30-ഓടെ നോവ സാബുവിന്റെ മൃതദേഹവും കൊച്ചിയിലെത്തിക്കും. നോവ സാബുവിന്റെ സംസ്‌കാരം ഒക്ടോബർ 24-ന് വൈകീട്ട് മൂന്ന് മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നോർക്കയുടെയും സജീവ ഇടപെടലിനെ തുടർന്നാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. ജർമൻ പോലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തിൽ ലഭ്യമാക്കിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കിയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

ബോഹുമിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അപ്പാർട്മെന്റിന്റെ തടിയിൽ നിർമ്മിച്ച ഗോവണി തീപിടിത്തത്തിൽ പൂർണ്ണമായി കത്തിയമർന്ന് തകർന്നതോടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ സാധിക്കാതെ അകപ്പെടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*