“നിങ്ങളുടെ പിന്തുണ ഞാൻ യഥാർഥത്തിൽ അനുഭവിച്ചു, നന്ദി!” ഒക്ടോബർ 18 ന് ആഞ്ചലൂസ് പ്രാർഥനയുടെ സമാപനത്തിൽ, കഴിഞ്ഞ ദിവസങ്ങളിൽ തനിക്കായി പ്രാർഥിച്ച എല്ലാവർക്കും ലെയോ പതിനാലാമൻ പാപ്പ നന്ദി അറിയിച്ചു. ശ്വാസകോശത്തിലെ കാൻസർ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയ ജെമെല്ലി പോളിക്ലിനിക്കിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും പാപ്പ പ്രത്യേക നന്ദി രേഖപ്പെടുത്തി.
“രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും സാമീപ്യം ഒരു പ്രത്യേക വിധത്തിൽ അനുഭവിച്ചറിയാൻ ഇത് ഇടയാക്കി,” പാപ്പ പറഞ്ഞു. ഒക്ടോബർ 17 ശനിയാഴ്ച ഉച്ചയോടെയാണ് മാർപാപ്പ ആശുപത്രി വിട്ടത്. ആശുപത്രി വിടുന്നതിനു മുൻപ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും മറ്റ് മെഡിക്കൽ-നഴ്സിംഗ് ടീമിനും ആരോഗ്യപ്രവർത്തകർക്കും സേക്രട്ട് ഹാർട്ട് കാത്തലിക് യൂണിവേഴ്സിറ്റിയുടെ റെക്ടർക്കും ആശുപത്രി അധികൃതർക്കും മാർപാപ്പ വ്യക്തിപരമായി നന്ദി അറിയിച്ചു.
“നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഈ നിർണ്ണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്ക്, ദൈവത്തിന്റെയും നിങ്ങളുടെയും പ്രാർഥനയുടെ സഹായത്തോടെ ഞാൻ എന്റെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും,” പാപ്പ കൂട്ടിച്ചേർത്തു. മാർപാപ്പയുടെ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി, അദ്ദേഹത്തിന്റെ പൊതുപരിപാടികൾ ഏകോപിപ്പിക്കുന്ന പൊന്തിഫിക്കൽ ഹൗസ്ഹോൾഡ് പ്രിഫെക്ചർ, ഒക്ടോബർ 20 ചൊവ്വാഴ്ച വരെയുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Be the first to comment