പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം അണികളുടെയും ജനങ്ങളുടെയും കൃത്യമായ വിധിക്കെതിരായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തെറ്റ് സംഭവിച്ചത് സിപിഎം നേതൃത്വത്തിനാണെന്ന് പോളിറ്റ് ബ്യൂറോ തന്നെ പരസ്യമായി സമ്മതിക്കുകയും ഇതുസംബന്ധിച്ച രേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുത അംഗീകരിച്ച് സ്വയം തിരുത്തുന്നതിന് പകരം അണികളെയും വോട്ടർമാരെയും കുറ്റപ്പെടുത്തുന്ന പിണറായി വിജയന്റെ നിലപാട്, തെറ്റുകൾ ആവർത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.
സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ പിണറായി വിജയൻ സ്വീകരിക്കുന്ന സമീപനം പോളിറ്റ് ബ്യൂറോ പരിശോധിക്കണം. പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം അണികളുടെയും വോട്ടർമാരുടെയും മേൽ ചുമത്താനുള്ള പിണറായി വിജയൻ്റെ ശ്രമം പ്രബുദ്ധരായ മാർക്സിസ്റ്റ് അണികൾ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Be the first to comment