മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ മുംബൈയിലെ ജുഹുവിൽ വെച്ചുണ്ടായ വെടിവെയ്പ്പിന് പിന്നാലെ, താരത്തിനും കുടുംബത്തിനും പൂർണ സുരക്ഷ ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഞായറാഴ്ച നടന്ന വെടിവെയ്പ്പിൽ ടൈഗർ ഷ്രോഫ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും ഓട്ടോ ഡ്രൈവർക്കും വെടിയേറ്റ് പരിക്കേറ്റിരുന്നു. കാറിന് നേരെ മൂന്ന് തവണയാണ് അക്രമികൾ വെടിയുതിർത്തത്.
മഹാരാഷ്ട്ര പൊലിസിന്റെ സഹകരണത്തോടെ ഗുണ്ടാ സംഘങ്ങളുടെ നെറ്റ്വർക്കുകളെക്കുറിച്ച് എൻഐഎയും കേന്ദ്ര ഏജൻസികളും അന്വേഷിക്കുക, വെടിയുതിർത്ത ഷൂട്ടർമാരെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുക, കർശന നിയമങ്ങളുടെ കീഴിൽ ഫാസ്റ്റ് ട്രാക്ക് കോടതി വഴി കേസിന്റെ വിചാരണ നടത്തുക,
ചലച്ചിത്ര മേഖലയുടെ സുരക്ഷയ്ക്കായി ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുക, ബോളിവുഡിൽ നിലനിൽക്കുന്ന ഗുണ്ടകളുടെ ഭീഷണിക്ക് ശാശ്വത പരിഹാരം കാണുക. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സമയബന്ധിതമായി ലഭ്യമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സിനി വർക്കേഴ്സ് അസോസിയേഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്.

Be the first to comment