മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയാല്‍ ട്രേഡ് ഡീല്‍ സാധ്യമാകുമോ?

ഡോ. ജോര്‍ജ് എം. കാക്കനാ്ട്ട്

ഹൂസ്റ്റണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലെ ഇടക്കാല ധാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറിയിരിക്കുകയാണ്. ഡിസംബറിലെ ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പൂര്‍ണ്ണമായും നിശ്ചലമായി എന്ന വാര്‍ത്തകള്‍ മുന്‍ യുഎസ് അസിസ്റ്റന്റ് ട്രേഡ് റപ്രസന്റേറ്റീവായ മാര്‍ക്ക് ലിന്‍സ്‌കോട്ട് തള്ളിക്കളയുന്നു. മില്‍വാക്കിയില്‍ നടന്ന ജി20 വ്യാപാര മന്ത്രിതല യോഗത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ വളരെ അനുകൂലമായിരുന്നുവെന്നും, തുടര്‍ന്നാണ് ചര്‍ച്ചകള്‍ വാഷിംഗ്ടണിലേക്ക് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി ഇരുവിഭാഗവും ഒരുമിച്ച് മികച്ച രീതിയില്‍ ചര്‍ച്ചകള്‍ നടത്തിയത് പുരോഗതിയുടെ സൂചനയാണെങ്കിലും വിഷയം സങ്കീര്‍ണ്ണമായി തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡിസംബറിലെ ഉച്ചകോടിയില്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുമ്പോള്‍ ഈ ഇടക്കാല കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്താനുള്ള സാധ്യതയേറെയാണ്. മുന്‍ഗണനാടിസ്ഥാനത്തിലുള്ള താരിഫ് നിരക്കുകളെക്കുറിച്ചുള്ള ഉറപ്പ് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. നേതാക്കള്‍ക്ക് കൃത്യമായ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള മനസ്സുണ്ടെങ്കില്‍, ഈ കൂടിക്കാഴ്ചയിലൂടെ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസില്‍ നിന്നുള്ള വ്യാപാര മുന്‍ഗണനകള്‍ മെച്ചപ്പെടുത്താന്‍ ഈ കരാര്‍ സഹായിക്കും. കൃഷി, ഡെയറി മേഖലകള്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതും ബാധിക്കാന്‍ പാടില്ലാത്തതുമായ മേഖലകളായതിനാല്‍, ഇവയിലെ തര്‍ക്കവിഷയങ്ങള്‍ രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് മാറ്റാനാണ് സാധ്യത. നിലവിലെ ഇടക്കാല കരാറില്‍ ഡെയറി മേഖലയിലെ നിബന്ധനകള്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നും ലിന്‍സ്‌കോട്ട് വ്യക്തമാക്കി.

റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍പ് താരിഫ് വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും, മുന്‍നിര നേതാക്കളുടെ ഇടപെടലുകളിലൂടെ അത് പരിഹരിക്കപ്പെട്ടിരുന്നു. അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ത്യ ഊര്‍ജ്ജ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നത് ഈ രംഗത്തെ പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസമേകുന്നുണ്ട്.

ചൈനയില്‍ നിന്നുള്ള വ്യാപാര ആശ്രിതത്വം കുറയ്ക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യവും ഈ കരാറിന് പിന്നിലുണ്ട്. ചൈനയേക്കാള്‍ കുറഞ്ഞ താരിഫ് നിരക്കുകള്‍ ഉറപ്പാക്കുക എന്നതായിരിക്കും ഇന്ത്യയുടെ പ്രധാന ലക്ഷ്യം. കരാര്‍ വൈകുന്നത് ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികമായി തിരിച്ചടിയാകും. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവരുമായി ഇന്ത്യ കരാറിലെത്തുമ്പോള്‍, യുഎസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ തുല്യ അവസരം ലഭിക്കാതിരിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ ജനങ്ങള്‍ കാത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*