മലപ്പുറം ജില്ലയിലെ വേങ്ങര, മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ യുവതിയടക്കമുള്ള സംഘം പോലീസ് പിടിയിൽ. മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ഷബീർ ടി പി (24), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി വീട്ടിൽ സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23) എന്നിവരെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയത്.
മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്ന് ബുധനാഴ്ച രാത്രിയിൽ മലപ്പുറം കിഴക്കെത്തല വേങ്ങര റോഡിൽ അക്ഷയ സെന്ററിനു മുൻവശം വെച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്നും ചില്ലറ വിപണിയിൽ അര ലക്ഷം രൂപ വില വരുന്ന 10.5 ഗ്രാം എംഡിഎംഎയും ശരീരത്തിലേക്ക് കുത്താൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും രാസലഹരി തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പാക്കറ്റ് ചെയ്യുവാൻ ഉപയോഗിക്കുന്ന സിപ്പ് ലോക്ക് കവറുകളുടെ പാക്കറ്റും വിൽപന നടത്തി ലഭിച്ച കാൽ ലക്ഷത്തോളം രൂപയും വിൽപനയ്ക്ക് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു.
പോലീസ് പിടികൂടിയ അനസ്, ഷബീർ, സജാദ് എന്നിവർക്ക് മുൻപ് എംഡിഎംഎ വിൽപന നടത്തിയതിനും എംഡിഎംഎ ഉപയോഗിച്ചതിനും വിവിധ പോലീസ് സ്റ്റേഷനുകളായി കേസുകൾ ഉള്ളവരാണ്.
മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ ബി, മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനൽ, എഎസ്ഐ സുഷമ, പോലീസ് ഉദ്യോഗസ്ഥരായ ബി എൻ അബ്ദുല്ല ബാബു ബാലകൃഷ്ണൻ, ആഷിഖ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സേനാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, പി മുഹമ്മദ് സലീം, കെ കെ ജസീർ, വി പി ബിജു എന്നിവരടങ്ങിയസംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ദേഹ പരിശോധനയ്ക്ക് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ മനോജ് സാന്നിധ്യം വഹിച്ചു.

Be the first to comment