ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്: സണ്ണി ജോസഫിന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ നോട്ടീസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് സുപ്രീം കോടതി ബാർ അസോസിയേഷൻ (SCBA) ജോയിന്റ് സെക്രട്ടറി വക്കീൽ നോട്ടീസ് അയച്ചു. കോൺഗ്രസ് കേരളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു വിവാദമായ പോസ്റ്റ് പങ്കുവെച്ചിരുന്നത്. സംഭവം വൻ വിവാദമായതോടെ പോസ്റ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു.

വിവാദ പോസ്റ്റുമായി പാർട്ടി നേതൃത്വത്തിന് നേരിട്ട് ബന്ധമില്ലെന്നും തങ്ങളുടെ അറിവോടെയല്ല ഇത് പ്രസിദ്ധീകരിച്ചതെന്നും എ.ഐ.സി.സിയും കെ.പി.സി.സിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ വിശദീകരണം കൊണ്ട് മാത്രം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പോസ്റ്റ് തയ്യാറാക്കിയതും അക്കൗണ്ടിലൂടെ പങ്കുവെച്ചതും ആരാണെന്നും, ചുമതലയിൽ നിന്ന് മാറ്റിയ വ്യക്തിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും നോട്ടീസിൽ ചോദിക്കുന്നു.

കൂടാതെ, വിഷയത്തിൽ എന്തുകൊണ്ട് പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെന്നും ഏഴു ദിവസത്തിനകം വ്യക്തമായ മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*