കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ ; രണ്ട് തടവുകാരിൽ നിന്ന് ലഹരിമരുന്ന് പിടികൂടി

കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന രണ്ട് തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് കേസിൽ പ്രതികളായ റോഷ്‌നി സാവിയോ (34), റുബൈദ പി.കെ. (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിൽ തടവറയ്ക്കുള്ളിൽ ഗ്ലാസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ആറുദിവസം മുൻപാണ് റോഷ്‌നി ജയിലിലെത്തിയത്. റുബൈദ രണ്ട് ദിവസം മുൻപാണ് ജയിലിലെത്തിയത്. ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ടൗൺ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരെയും പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് കൈമാറിയത് റോഷ്‌നിയാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് റോഷ്‌നിയെ പിടികൂടിയത്. മാത്രമല്ല, റോഷ്‌നി ഒരു പോക്‌സോ കേസിലും പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാബിറ എന്നാണ് ഇവരുടെ യഥാർഥ പേരെന്നും, പോക്‌സോ കേസിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര ലഹരിമാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*