പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ മീനാക്ഷിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്തുവെച്ചാണ് സംഭവം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
രണ്ടു ദിവസം മുൻപാണ് മൂലത്തറ ഡാമിന് സമീപത്തുനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണത്തിന് കാരണം ക്രൂരമായ മർദ്ദനമാണെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കൾ പോലീസിന്റെ പിടിയിലായത്.
പ്രദേശത്ത് മദ്യപിക്കാനെത്തിയ സംഘം ഭിക്ഷാടകനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ ആളുകൾക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Be the first to comment