‘ലക്ഷ്യം 100 എഫ്ഐആറുകൾ’; രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹിയിൽ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധം. ബുധനാഴ്ച (2026 ഒക്ടോബർ 7) ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് ഡൽഹിയിലുടനീളം അരങ്ങേറിയത്.

ഡൽഹി ജൻപഥിലെ സാഗർ രത്ന ഭക്ഷണശാലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത ഉച്ചഭക്ഷണത്തിന് ശേഷമാണ് പ്രതിപക്ഷ എംപിമാർ ബസുകളിൽ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ പ്രതിഷേധിക്കാൻ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടയുകയായിരുന്നു. 10 ദിവസം മുൻപ് അപേക്ഷ നൽകണമെന്നാണ് പൊലീസ് പറഞ്ഞത്. ഇതോടെ നേതാക്കളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാറാൻ കൂട്ടാക്കാതിരുന്ന പ്രിയങ്കാ ഗാന്ധി റോഡിൽ കിടന്നും പ്രതിഷേധിച്ചു. എംപിമാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും തങ്ങൾ ഇവിടെ നിന്ന് മാറില്ലെന്നും അവർ വ്യക്തമാക്കി. ഒടുവിൽ നേതാക്കളെ പൊലീസ് ബലമായി ബസുകളിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടെ കെ സി വേണുഗോപാൽ, ഡെറിക് ഒബ്രിയാൻ, പവൻ ഖേര, എ എ റഹീം, വി ശിവദാസൻ തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മണിക്കൂറിന് ശേഷം ബാരാഖംബ റോഡ് പൊലീസ് സ്റ്റേഷനിൽ നിന്ന് നേതാക്കളെ വിട്ടയച്ചു.

രാഹുൽ ഗാന്ധിയെ കയറ്റിയ പൊലീസ് ബസിൻ്റെ ടയറുകളിലൊന്ന് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കീറി. ഇതോടെ അദ്ദേഹത്തെ മറ്റൊരു ബസിലേക്ക് മാറ്റിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പൊലീസിൻ്റെ നടപടിയെത്തുടർന്ന് സമരം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എല്ലാ എംപിമാരോടും ഡൽഹിയിൽ തുടരാൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യം തകർക്കപ്പെടുകയാണെന്നും വോട്ട് മോഷണത്തിനെതിരായ വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും ഖാർഗെ പറഞ്ഞു.

ചൊവ്വാഴ്ച ആകാശവാണി ഭവനിൽ നടത്തിയ എട്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിൻ്റെ പേരിൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ രാഹുൽ ഗാന്ധി പരിഹസിച്ചു. ‘എനിക്കെതിരെ ഇപ്പോൾ 45 എഫ്ഐആറുകളുണ്ട്. എൻ്റെ ലക്ഷ്യം 100 ആണ്, നൂറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ എഫ്ഐആറും എനിക്കുള്ള മെഡലുകളാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനാധിപത്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് തകർത്തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ ക്രിമിനലിനെപ്പോലെ വലിച്ചിഴച്ചതിനെ അപലപിക്കുന്നുവെന്നും എഫ്ഐആറുകളെ ഭയക്കുന്നില്ലെന്നും കോൺഗ്രസ് എംപിമാരായ കെ സി വേണുഗോപാലും ജ്യോതിമണിയും വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തങ്ങളുടെ സമരം തുടരുമെന്നാണ് ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനം.

Be the first to comment

Leave a Reply

Your email address will not be published.


*