കരിങ്കടലിൽ വാണിജ്യ കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാർ സുരക്ഷിതരെന്ന് സ്ഥിരീകരണം. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇവരിൽ ഒരാൾക്ക് വൈദ്യസഹായം നൽകിവരുന്നതായും റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
2026 ഒക്ടോബർ 5 തിങ്കളാഴ്ചയാണ് കരീബിയൻ രാജ്യമായ സെയ്ൻ്റ് കിറ്റ്സ് ആൻഡ് നെവിസിൻ്റെ പതാകയുള്ള എംവി റോയാഡ് മമ്മാഡോവ് എന്ന കപ്പലിന് നേരെ കരിങ്കടലിൽ വെച്ച് ആക്രമണമുണ്ടായത്. കരീബിയൻ രാജ്യത്തിൻ്റെ പതാകയുള്ള കപ്പലാണെങ്കിലും ഇത് തുർക്കിയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ കപ്പലിലെ രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ കപ്പലിലെ ജീവനക്കാരെ തിങ്കളാഴ്ച തന്നെ ചികിത്സയ്ക്കായി റൊമാനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ മൂന്ന് നാവികരും നിലവിൽ സുരക്ഷിതരാണ്. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും, ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര നേരിട്ട് സംസാരിച്ചതായും, ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകിയതായും എംബസി അറിയിച്ചു.

Be the first to comment