സ്വന്തം ഭാര്യ ആഷ്ലി ഫ്‌ലിന്നിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ ഐഡല്‍ മുന്‍ താരം കാലെബ് ഫ്‌ലിന്നിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഒഹായോ കോടതി. പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിന് മുന്‍പായി, തോക്ക് ഉപയോഗിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനുമായി 16 വര്‍ഷത്തെ അധിക തടവും പ്രതി അനുഭവിക്കണമെന്ന് മയാമി കൗണ്ടി ജഡ്ജി ജീനിന്‍ എന്‍. പ്രാറ്റ് ഉത്തരവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്തുമാണ് തുടര്‍ച്ചയായ ശിക്ഷാ കാലാവധികള്‍ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.
ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അച്ഛന്റെ ക്രൂരതയെ ചോദ്യം ചെയ്ത് കാലെബിന്റെ രണ്ട് പെണ്‍മക്കള്‍ എഴുതിയ കത്തുകള്‍ ബന്ധുക്കള്‍ കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചു. ‘നിങ്ങള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ തോന്നി? അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത വ്യക്തിയായിരുന്നു. വിവാഹേതരബന്ധം തിരഞ്ഞെടുക്കാനും എല്ലാവരോടും കള്ളം പറയാനും ഞങ്ങളെ ഉപേക്ഷിക്കാനും തീരുമാനിച്ചത് അച്ഛനാണ്,’ എന്ന് മകള്‍ എഴുതിയ കത്ത് കേട്ട് കാലെബ് പൊട്ടിക്കരഞ്ഞു. അച്ഛനെ ഇനി ഒരിക്കലും കാണാന്‍ വരില്ലെന്നും ഇനി ജീവിച്ചിരിക്കുന്ന കാലമത്രയും ദൈവത്തോട് തെറ്റുകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കണമെന്നും മക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
തനിക്ക് പറയാനുള്ളത് വിശദീകരിക്കാന്‍ ലഭിച്ച അവസരത്തില്‍, ഭാര്യയുടെ കുടുംബത്തോടും മക്കളോടും കാലെബ് മാപ്പ് ചോദിച്ചുവെങ്കിലും കൊലപാതകക്കുറ്റം നിഷേധിച്ചു. താന്‍ ഭാര്യയെ കൊന്നിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ പോരാടുമെന്നും അയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, വെറും രണ്ടര മണിക്കൂര്‍ നീണ്ട ആലോചനകള്‍ക്ക് ശേഷം ജൂറി കാലെബ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ 20,000 ഡോളര്‍ പിഴയായും കോടതി വിധിച്ചിട്ടുണ്ട്.

Be the first to comment