തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ ഒപ്പ് വിവാദം ആയുധമാക്കി കോർപ്പറേഷനിലെ സിപിഎം കോൺഗ്രസ് അംഗങ്ങൾ രംഗത്തിറങ്ങി. കഴിഞ്ഞ മൂന്ന് കൗൺസിലുകളിൽ സുഗതൻ ഹാജരാകാതെ വ്യാജ ഒപ്പിട്ടു എന്നാണ് സിപിഎം കൗൺസിലർ എസ്.പി. ദീപക് ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ നാളിതുവരെയുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഫെബ്രുവരി, മാർച്ച്,ഏപ്രിൽ മാസങ്ങളിൽ നടന്ന യോഗങ്ങളിൽ സുഗതൻ പങ്കെടുത്തുവെന്ന് വ്യാജ ഒപ്പിട്ടു രജിസ്റ്ററിൽ ക്രമക്കേട് വരുത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
കോൺഗ്രസും ഈ ആരോപണം ശക്തമായി ഉന്നയിക്കുകയാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്ന സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും ഇതിൽ മേയർക്ക് ഉൾപ്പെടെ പങ്കുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ കൂടിയ കൗൺസിൽ യോഗത്തിൽ ഹാജർ രജിസ്റ്റർ ആവശ്യപ്പെട്ടപ്പോൾ നൽകാതെ ഭരണപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഇതിനു വേണ്ടിയാണെന്ന് സിപിഎം കൗൺസിലർ എസ്.പി. ദീപക്കും കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥനും ആരോപിച്ചു.
ഒപ്പ് വിവാദത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ആർ. സുഗതന് നേരത്തെ കൗൺസിലിന്റെ ഭൂരിപക്ഷത്തിൽ അവധി നൽകിയിരുന്നു. ഇത് ഏറെ വിവാദം ആവുകയും ചെയ്ത സാഹചര്യത്തിലാണ് ഒപ്പുവിവാദം ഉന്നയിച്ചു പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
ബിജെപി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീ ലേഖയുടെ രാജി പ്രഖ്യാപനം അനുനയ നീക്കത്തിലൂടെ പരിഹരിച്ച സാഹചര്യത്തിലാണ് ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി സുഗതന്റെ ഒപ്പ് വിവാദം പ്രതിപക്ഷം ആയുധമാക്കി രംഗത്ത് വന്നിരിക്കുന്നത്.

Be the first to comment