മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന-വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് നടന്നു. വിലക്ക് മറികടന്ന് പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, വൃന്ദ കാരാട്ട്, എ.എ. റഹീം എംപി, ജെയ്ക് സി. തോമസ്, ആം ആദ്മി പാർട്ടി നേതാക്കളായ സൗരവ് ഭരദ്വാജ്, സഞ്ജീവ് ത്സാ തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തവരെ ഹരിയാന അതിർത്തിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. 11 മെട്രോ സ്റ്റേഷനുകൾ ഡിഎംആർസി അടപ്പിച്ചു. ജന്തർ മന്തറിന് ചുറ്റുമുള്ള പ്രധാന റോഡുകൾ ബാരിക്കേഡുകൾ വെച്ച് അടയ്ക്കുകയും മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.

ഗ്യാനേഷ് കുമാറിന്റെ രാജി, വിവാദമായ എസ്ഐആർ (SIR) നടപടികൾ നിർത്തിവെക്കൽ, കമ്മീഷൻ നിയമനങ്ങളിലെ സുതാര്യത എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഇന്ത്യ സഖ്യത്തിന് പുറമെ മഹാരാഷ്ട്രയിൽ പ്രക്ഷോഭം പ്രഖ്യാപിച്ച കോക്രോച്ച് ജനത പാർട്ടിയും (സിജെപി) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*