ജീവിതത്തിന്റെ ലക്ഷ്യം യേശുവുമായി ഒന്നിക്കുകയാണെന്നും അവനിലൂടെ വിശുദ്ധി പ്രാപിക്കുകയാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. 2026 ഓഗസ്റ്റ് 15-16 തീയതികളിൽ മെക്സിക്കോയിലെ മോണ്ടെറെയിൽ നടക്കുന്ന മൂന്നാമത് ദേശീയ യുവജന ദിനത്തിന്റെ സംഘാടകർക്കും പങ്കാളികൾക്കുമായി അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഈ കാര്യം വ്യക്തമാക്കിയത്.
“ക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ നിന്ന് ഉത്ഭവിക്കുന്നതും നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നതുമായ ഒരു സമാഗമമാണിത്: അവനുമായി ഒന്നിക്കുക, അവന്റെ ജീവിതത്തിൽ പങ്കുചേരുന്നതിലൂടെ നാം വിളിക്കപ്പെട്ടിരിക്കുന്ന വിശുദ്ധി കൈവരിക്കുക.” പാപ്പ പറഞ്ഞു. “തുടക്കം മുതൽ നിങ്ങൾ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് നിങ്ങളും സാക്ഷ്യം വഹിക്കുവിൻ” (യോഹന്നാൻ 15:27) എന്ന വചനത്തെ ആസ്പദമാക്കിയുള്ള തിരുനാൾ പ്രമേയത്തിന് അനുസൃതമായി, ക്രിസ്തുവിനോടൊപ്പം നടക്കാനും വിശുദ്ധിക്കായി ആഗ്രഹിക്കാനും പരിശുദ്ധ പിതാവ് യുവജനങ്ങളോട് ആവശ്യപ്പെട്ടു.
“അക്രമം, ഉദാസീനത, അർത്ഥശൂന്യത എന്നിവ കാരണം നിങ്ങൾക്ക് ചുറ്റും കാണുന്ന പ്രശ്നങ്ങൾക്കിടയിലും, ക്രിസ്തുവമായി ഒന്നിച്ചിരുന്നാൽ മാത്രമേ അവനിൽ വിശ്വസിക്കാൻ ലോകത്തെ സഹായിക്കാൻ സാധിക്കൂ,” പാപ്പ ഓർമ്മിപ്പിച്ചു. ഒടുവിൽ, യഥാർത്ഥത്തിൽ മൂല്യമുള്ളത് എന്താണെന്ന് വിവേചിച്ചറിയാൻ ശാന്തമായി സമയം കണ്ടെത്താൻ പരിശുദ്ധ പിതാവ് അവരെ ക്ഷണിച്ചു.
സന്തോഷത്തോടും ആവേശത്തോടും കൂടെ ഈ ദിനത്തിൽ പങ്കുചേരാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച മാർപാപ്പ, ഗ്വാഡലൂപ്പെ മാതാവിന്റെ മാതൃസഹജമായ സംരക്ഷണത്തിന് അവരെ ഭരമേൽപ്പിച്ചുകൊണ്ട് തന്റെ സന്ദേശം അവസാനിപ്പിച്ചു.

Be the first to comment