അമേരിക്കൻ നഗരങ്ങൾ ആക്രമിക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടില്ല: വൈറ്റ് ഹൗസ്

അമേരിക്കൻ നഗരങ്ങളായ ലോസ് ആഞ്ചലസും സാൻ ഡിയേഗോയും ആക്രമിക്കാൻ ഇറാനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രേരിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്. ട്രംപിന്റെ വാചകങ്ങളെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും തെറ്റായി ചിത്രീകരിക്കുകയാണെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നെബ്രാസ്കയിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ ട്രംപ് നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇറാന് ആണവായുധങ്ങൾ നിർമ്മിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ഗുരുതരമായ ഭീഷണിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. സ്വന്തം രാജ്യത്തെ നഗരങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന ആളല്ല അമേരിക്കൻ പ്രസിഡന്റ് എന്നും ഇത്തരം നീക്കങ്ങൾ തടയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം വിമർശിച്ചു.

ഇറാൻ ആണവശക്തിയായി മാറിയാൽ യുഎസ് നഗരങ്ങൾ നേരിടേണ്ടി വരുമായിരുന്ന അപകട സാധ്യതകൾ തടയുകയാണ് പ്രസിഡന്റ് ചെയ്തതെന്ന് സ്റ്റീവൻ ച്യുങ് അവകാശപ്പെട്ടു. നിലവിൽ ഇറാനു പക്കൽ വ്യോമസേനയോ നാവികസേനയോ സാമ്പത്തിക ശേഷിയോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ നെബ്രാസ്കയിലെ റാലിയിൽ വച്ച് ഇന്ധനവില വർദ്ധനവ് ചെറിയൊരു ത്യാഗം മാത്രമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇറാന് വേണമെങ്കിൽ നഗരങ്ങൾ തകർത്തോട്ടെ എന്ന രീതിയിലുള്ള പരാമർശം അദ്ദേഹം നടത്തിയത്. പ്രസിഡന്റിന്റെ ഈ വാചകങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസ മും ലോസ് ആഞ്ചലസ് മേയർ കരെൻ ബാസും ട്രംപിന്റെ നിലപാട് ഭ്രാന്തമാണെന്ന് കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്തെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രസ്താവനയാണ് പ്രസിഡന്റിൽ നിന്നും ഉണ്ടായതെന്ന് ഗവർണർ ആരോപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളും ട്രംപിന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ വൈറ്റ് ഹൗസ് വൃത്തങ്ങൾ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ വലിയ നയതന്ത്ര ചർച്ചകളിലേക്ക് നീങ്ങുകയാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ പ്രധാന ആരോപണം.

അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ട്രംപിന്റെ അപൂർണ്ണമായ സംസാര രീതിയാണ് ഇത്തരം ആശയക്കുഴപ്പങ്ങൾക്ക് കാരണം എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻപും പല പൊതുവേദികളിലും ട്രംപിന്റെ പ്രസ്താവനകൾ സമാനമായ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*