ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം തന്നെ നടത്തണമെന്ന് സുപ്രീം കോടതി. നവംബർ 21നാണ് ഇത്തവണത്തെ വൃശ്ചിക ഏകാദശി. തിരക്ക് ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ ആചാരം മാറ്റാനാകില്ലെന്നും മുൻപ് എങ്ങനെയാണോ പൂജ നടത്തിയിരുന്നത് അതുപോലെ തുടരണമെന്നും ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു.
ഭക്തരുടെ സൗകര്യം പരിഗണിച്ച് ഉദയാസ്തമന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റാനായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവഹിതപ്രകാരം തന്ത്രിയുടെ നിർദേശത്തോടെയായിരുന്നു തീരുമാനമെന്നും ബോർഡ് കോടതിയെ അറിയിച്ചു. എന്നാൽ തീരുമാനം ചോദ്യം ചെയ്ത് തന്ത്രി കുടുംബങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു.
വൃശ്ചിക ഏകാദശി ദിവസം വലിയ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നും കഴിഞ്ഞ വർഷം ഒരുലക്ഷത്തിലധികം പേർ ക്ഷേത്രത്തിലെത്തിയെന്നും ശബരിമല സീസൺ കൂടി ആയതിനാൽ തിരക്ക് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
എന്നാൽ കഴിഞ്ഞ വർഷവും വൃശ്ചിക ഏകാദശി ദിവസം ഉദയാസ്തമന പൂജ നടത്താൻ സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അതിന് ശേഷം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി ബോർഡിന് തെളിയിക്കാനായിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, തന്ത്രിക്ക് ഉചിതമെന്ന് തോന്നുന്ന പക്ഷം തുലാമാസത്തിലെ ദിവസവും ഉദയാസ്തമന പൂജ നടത്താമെന്നും കോടതി വ്യക്തമാക്കി.

Be the first to comment