തമിഴ് സിനിമാലോകത്തുനിന്നും വീണ്ടുമൊരു രാഷ്ട്രീയ പ്രവേശന ചർച്ച കൂടി സജീവമാകുന്നു. നടൻ ധനുഷ് പുതിയ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് പുറത്തുവരുന്നത്. സമീപകാലത്തായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൻ്റെ എല്ലാ സൂചനകളും താരം നൽകിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ‘തമിഴക എഴിച്ചി കഴകം’ (ടിഇകെ) എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ് ധനുഷ് എന്നാണ് ദേശീയ-പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനായി താരം ഇതിനോടകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും വിവരമുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള ഇടപെടലുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി, തമിഴ്നാട്ടിലെ വിവിധ ജില്ലകളിലുള്ള ആരാധക ക്ഷേമ സംഘടനകളെ (‘ധനുഷ് രസികർ മൻട്രം’) അടുത്തിടെ വലിയ രീതിയിൽ പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശം സജീവ ചർച്ചയായത്.
അതേസമയം, ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ധനുഷ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അത്തരം നീക്കങ്ങൾ നിലവിലില്ലെന്നും അവർ വ്യക്തമാക്കി. എന്നിരുന്നാലും, വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്ന കാര്യത്തിൽ തമിഴകത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഈ അഭ്യൂഹങ്ങൾ വഴിതുറന്നിരിക്കുന്നത്.

Be the first to comment