കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില ഇന്ന് മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,775 രൂപയിലും പവന് 1,10,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ വർധിച്ച് 11,315 രൂപയിലെത്തി.
ഒരുദിവസത്തെ കുതിപ്പിനു പിന്നാലെ വ്യാഴാഴ്ച താഴേക്കിറങ്ങിയ സ്വർണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.
നേരത്തെ, ഇടിവോടെ വാരാദ്യ വിപണി ആരംഭിച്ച സ്വർണം തിങ്കളാഴ്ച ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് ഇടിഞ്ഞത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയി. പിന്നാലെ ബുധനാഴ്ച തിരിച്ചുകയറിയ സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു. പിന്നീട് വ്യാഴാഴ്ച വീണ്ടും വീണത്.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. കേരളത്തിൽ ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ ഔൺസിന് 4174.30 ഡോളർ ആയിരുന്ന രാജ്യാന്തര വില ഒമ്പത് ഡോളർ ഉയർന്ന് 4,182 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Be the first to comment