13 പേരുടെ ജീവനെടുത്ത നിദാൽ ഹസനെ അമേരിക്ക പരസ്യമായി വെടിവെച്ചുകൊല്ലും ; ലോകത്താദ്യമായി വധശിക്ഷ ലൈവ് സ്ട്രീം ചെയ്യും

13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥൻ നിദാൽ ഹസന്റെ വധശിക്ഷ ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാവിയിൽ സമാനമായ ആക്രമണങ്ങൾ തടയുന്നതിനുള്ള മുന്നറിയിപ്പായി വധശിക്ഷയുടെ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യണമെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. രാഷ്ട്രീയ രംഗത്ത് നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും ഈ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ഡിസംബർ 3-ന് ഹസനെ വെടിവെച്ചുകൊല്ലാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷ ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വധശിക്ഷയുടെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന്റെ നിയമസാധുതയും ധാർമികതയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ആരാണ് നിദാൽ ഹസൻ?

മുൻ യുഎസ് സൈനിക മേജറും മനോരോഗ വിദഗ്ധനുമായ നിദാൽ ഹസൻ 2009 നവംബർ 5-ന് ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവയ്പ്പ് നടത്തിയിരുന്നു. ആക്രമണത്തിൽ നിരായുധരായ 13 സൈനികർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ സൈനിക താവളത്തിൽ യുദ്ധേതര സാഹചര്യത്തിൽ നടന്ന ഏറ്റവും വലിയ ആക്രമണമായാണ് ഫോർട്ട് ഹുഡ് വെടിവെപ്പ് അറിയപ്പെടുന്നത്.

2013-ലെ സൈനിക വിചാരണയ്ക്കിടെ 13 പേരെ വെടിവച്ചു കൊന്നതായി ഹസ്സൻ സമ്മതിച്ചിരുന്നു. അമേരിക്കൻ സൈന്യത്തിൽ നിന്ന് മുസ്‌ലിം ജനതയെയും അഫ്ഗാനിസ്ഥാനിലെ താലിബാനെയും സംരക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നായിരുന്നു നിദാൽ ഹസന്റെ വിശദീകരണം. ആക്രമണത്തിനിടെ വെടിയേറ്റ ഹസൻ നിലവിൽ വീൽചെയറിലാണ് കഴിയുന്നത്.

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തെ ഹസന്റെ അഭിഭാഷകൻ ജോൺ ഗാലിഗൻ വിമർശിച്ചു. സംഭവത്തെ ഒരു ആഘോഷമോ കാഴ്ചവിരുന്നോ പോലെയാണ് പരിഗണിക്കുന്നത്. പഴയകാലത്തെ ആൾക്കൂട്ട വിചാരണകളെയും ആൾക്കൂട്ട ആക്രമണങ്ങളെയും ഓർമിപ്പിക്കുന്ന ഒന്നാണിതെന്നും അഭിഭാഷകൻ ആരോപിച്ചു.

വധശിക്ഷ ആർക്കൊക്കെ കാണാനാകും?

തത്സമയ സംപ്രേഷണം കാണുന്നതിന് പ്രായപരിധിയോ മറ്റ് നിയന്ത്രണങ്ങളോ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. ചില സംസ്ഥാനങ്ങളിൽ വധശിക്ഷയ്ക്ക് സാക്ഷികളാകാൻ മാധ്യമപ്രവർത്തകരെ അനുവദിക്കാറുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ റെഗുലേഷൻ നിയമപ്രകാരം സൈനിക വധശിക്ഷയ്ക്ക് സാക്ഷികളാകാൻ മാധ്യമപ്രവർത്തകരും ബന്ധുക്കളും ഉൾപ്പെടെയുള്ളവർക്ക് മാത്രമാണ് അനുമതി. 18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല.

ഫോർട്ട് ഹുഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളും വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ എതിർത്തു. 2025-ൽ 17 രാജ്യങ്ങളിലായി 2,700ലധികം വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ ഇറാനിൽ 11-ഉം അഫ്ഗാനിസ്ഥാനിൽ ആറും പരസ്യ വധശിക്ഷകൾ നടന്നിട്ടുണ്ട്. നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമാണെന്ന് യുഎൻ സഭ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പരസ്യവധശിക്ഷ എങ്ങനെ ?

വധശിക്ഷയുടെ ദൃശ്യങ്ങൾ എങ്ങനെയാണ് സംപ്രേഷണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. സോഷ്യൽമീഡിയയിലൂടെ വധശിക്ഷ നടപ്പിലാക്കുന്ന ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ സാധിക്കില്ല. മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയിൽ വധശിക്ഷയുടെ തത്സമയ സംപ്രേഷണം ചെയ്യുന്നത് അനുവദനീയമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*