ദില്ലിയിൽ പ്രതിഷേധം തുടരാൻ ഇന്ത്യ സഖ്യം; രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ലെന്ന് നേതാക്കൾ; രാഷ്ട്രപതി ഭവനിലേക്ക് ഇന്ന് മാർച്ച് നടത്താൻ സാധ്യത

എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ല. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ചിന് ആലോചന. രാഷ്ട്രപതി ഭവനിലേക്ക് എങ്ങനെ മാർച്ച് വേണം എന്നതിൽ രാവിലെ നേതാക്കൾക്കിടയിൽ കൂടിയാലോചന നടക്കും. ഇന്ന് ഇന്ത്യ സഖ്യ നേതാക്കളുടെയും നാളെ സിജെപിയുടെ നേതൃത്വത്തിലും നടക്കുന്ന സമരങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ദില്ലി പൊലീസ് പരിശോധന കർശനമാക്കി. പുതിയ ബുക്കിംഗുകൾ ഒഴിവാക്കാൻ ദില്ലിയിലെ ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ പലഭാഗത്ത് നിന്നായി എത്താനിടയുള്ള പ്രതിഷേധക്കാരെ തടയുകയാണ് ലക്ഷ്യം. ദില്ലിയിലേക്കുള്ള ട്രെയിൻ സർവീസുകൾക്കും നിയന്ത്രണമുണ്ടാകും. 40 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ആലോചന നടക്കുന്നുണ്ട്. ന്യുദില്ലി ഭാഗത്തേക്ക് പ്രവേശനം ഒഴിവാക്കണമെന്ന് സ്വകാര്യ ക്യാബ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ് ദില്ലി പൊലീസ്.

Be the first to comment

Leave a Reply

Your email address will not be published.


*