കെനിയയിൽ ആദ്യമായി എബോള മരണം സ്ഥിരീകരിച്ചു: ജാഗ്രത ശക്തമാക്കി ആരോഗ്യവിഭാഗം

ചരിത്രത്തിലാദ്യമായി കെനിയയിൽ എബോള വൈറസ് ബാധയും മരണവും സ്ഥിരീകരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) വർഷങ്ങളായി താമസിച്ചിരുന്ന കെനിയൻ പൗരനാണ് എബോള ബാധിച്ച് മരിച്ചത്. രാജ്യത്ത് എബോള സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്.

ഡി.ആർ. കോംഗോയിൽ വച്ച് രോഗബാധിതനായ ഇയാൾ, റോഡുമാർഗം ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെത്തി അവിടെ നിന്നും വിമാനത്തിലാണ് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ എത്തിയത്. നെയ്‌റോബി വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇയാളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, പിന്നീട് സ്ഥിതി ഗുരുതരമാവുകയും തിങ്കളാഴ്ച രാത്രിയോടെ മരണപ്പെടുകയുമായിരുന്നു.

ഡി.ആർ. കോംഗോയിൽ പടരുന്ന അപൂർവ ഇനം ‘ബുണ്ടിബുഗ്യോ’ എബോള വൈറസാണ് ഇയാളിൽ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 28 പേരെയും, ഇയാൾ യാത്ര ചെയ്ത വിമാനത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും കെനിയൻ ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ ചരിത്രത്തിലെ ഏറ്റവും ഭീകരമായ രീതിയിൽ എബോള പടരുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*