യുഎസിൽ വധശിക്ഷ അതിജീവിച്ച തടവുകാരി ക്രിസ്റ്റാ പൈക്കിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. മാരകമായ വിഷം കുത്തിവെച്ചിട്ടും അത്ഭുതകരമായ അതിജീവനത്തിലൂടെയാണ് 50 കാരിയായ ക്രിസ്റ്റ കടന്നുപോകുന്നത്. കഴിഞ്ഞ ആഴ്ച ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ പരാജയം നേരിട്ട ക്രിസ്റ്റാ പൈക്ക് ബോധം വീണ്ടെടുക്കുകയും സംസാരിക്കുകയും ചെയ്തതായി അവരുടെ അഭിഭാഷകർ അറിയിച്ചു. വധശിക്ഷയ്ക്കുള്ള കെമിക്കൽ ശരീരത്തിൽ കുത്തിവെച്ച ശേഷം ഒരാൾ ജീവനോടെ തിരിച്ചുവരുന്നത് ലോക ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ്.
1995-ൽ കോളിൻ സ്ലെമ്മർ എന്ന 19-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റാ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവരുടെ ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ‘പെന്റോബാർബിറ്റൽ’ എന്ന മാരക വിഷം രണ്ട് തവണ ശരീരത്തിൽ കുത്തിവെച്ചിട്ടും ഇവർ മരണത്തിന് കീഴടങ്ങിയില്ല. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിൽ പ്രവേശിച്ച വിഷാംശം നീക്കം ചെയ്യാനായി ദിവസങ്ങളോളം ഇവർ ഐസിയുവിൽ അബോധാവസ്ഥയിലായിരുന്നു. നിലവിൽ ആശുപത്രിയിൽ കയ്യിൽ വിലങ്ങുവെച്ച നിലയിൽ തീവ്രപരിചരണത്തിലാണ് ഇവർ.
മാരകമായ വിഷം ശരീരത്തിൽ ചെന്നിട്ടും ഒരാൾ രക്ഷപ്പെടുന്നത് തികച്ചും അവിശ്വസനീയമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിനുമുമ്പ് വധശിക്ഷ പരാജയപ്പെട്ട മറ്റ് ഏഴ് സംഭവങ്ങൾ യുഎസിൽ ഉണ്ടായിട്ടുണ്ടെങ്കിലും, അപ്പോഴൊന്നും പ്രതികളുടെ ശരീരത്തിലേക്ക് വിഷം കുത്തിവെക്കാൻ വധശിക്ഷ നടപ്പാക്കുന്നവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ക്രിസ്റ്റാ പൈക്കിന്റെ കാര്യത്തിൽ വിഷം ശരീരത്തിനുള്ളിലേക്ക് പൂർണ്ണമായും എത്തിയിരുന്നു. പൈക്കിന്റെ രക്തക്കുഴലുകൾ വളരെ ചെറുതായതിനാലും, രക്തം കട്ടപിടിക്കുന്ന പ്രത്യേക ശാരീരികാവസ്ഥ ഉള്ളതിനാലും വിഷം രക്തത്തിൽ കലരുന്നതിന് പകരം ചർമ്മത്തിന് താഴെയുള്ള കോശങ്ങളിലേക്ക് പടർന്നതാകാം ഇവർ രക്ഷപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ കരുതുന്നു.
വധശിക്ഷാ നടപടികൾ പാളിയതിനെ തുടർന്ന് യുഎസിൽ വൻ രാഷ്ട്രീയ-ഭരണപരമായ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടെന്നസിയിലെ ജയിൽ വകുപ്പ് മേധാവി രാജി പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്ത് ഈ വർഷം നടക്കാനിരുന്ന ബാക്കി എല്ലാ വധശിക്ഷകളും ടെന്നസി ഗവർണർ ബിൽ ലീ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് വധശിക്ഷ പരാജയപ്പെട്ടതെന്ന് വിശദീകരിക്കാൻ ജയിൽ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവിൽ ക്രിസ്റ്റാ പൈക്കിന്റെ കൈകൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൃത്യസമയത്ത് കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ വൈകിയതിനാൽ ഇവരുടെ തലച്ചോറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ വിശദമായ ന്യൂറോളജിക്കൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ക്രിസ്റ്റാ പൈക്കിനെ വീണ്ടും വധിക്കാൻ ശ്രമിക്കുമോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പ്രതിയുടെ അഭിഭാഷകർ ഇന്ന് നാഷ്‌വില്ലിലെ കോടതിയിൽ ഹാജരാകുകയും വാർത്താ സമ്മേളനം നടത്തുകയും ചെയ്യും.

Be the first to comment