സിഇസി ആക്ട് കേസിലെ ഭിന്നവിധി: ഹർജി പരിശോധിക്കുമെന്ന് സുപ്രീം കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനായി കേന്ദ്ര സർക്കാർ പാസാക്കിയ 2023-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളൂമായി ബന്ധപ്പെട്ട ഭിന്നവിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിശോധിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് ബുധനാഴ്ച ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

സിഇസി ആക്ടിനെതിരായ ഹർജികളിൽ സെപ്റ്റംബർ 23-ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിരുദ്ധമായ വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത ഭിന്നവിധി പൂർണ്ണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അപേക്ഷ സമർപ്പിച്ച കാര്യം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.ഇതേ കേസിൽ മറ്റൊരു കക്ഷി കോടതിയിൽ തിരുത്തൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തിരുത്തൽ ഹർജി സമർപ്പിക്കപ്പെട്ട വിവരമറിഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. എന്നാൽ ഒരു പുനഃപരിശോധനാ ഹർജിക്ക് ശേഷമേ തിരുത്തൽ ഹർജി സാധ്യമാകൂ എന്നും, തങ്ങൾ ഇപ്പോൾ നൽകിയിരിക്കുന്നത് സെപ്റ്റംബർ 23-ലെ ഭിന്നവിധി റദ്ദാക്കാനുള്ള പ്രത്യേക ഇടക്കാല അപേക്ഷയാണെന്നും ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സിഎസ് ശർമ എന്നിവരടങ്ങുന്ന ബഞ്ചാണ് സിഇസി നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ ഭേദഗതി ചോദ്യം ചെയ്ത ഹർജി വിശാല ബഞ്ചിന് കൈമാറുന്നതു സംബന്ധിച്ചായിരുന്നു അഭിപ്രായ ഭിന്നത ഉടലെടുത്തത്. വിശാല ബഞ്ചിന് കൈമാറേണ്ടതില്ലെന്ന നിലപാടാണ് ജസ്റ്റിസ് ദത്ത സ്വീകരിച്ചത്. എന്നാൽ ജസ്റ്റിസ് ശർമ ഇതിനെതിരായിരുന്നു. ഒടുവിൽ വിഷയം അഞ്ചംഗ ബഞ്ചിൻറെ പരിഗണനക്ക് വിട്ട് ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*