റോം ആക്രമണത്തിന്റെ അഞ്ഞൂറാം വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൊന്തിഫിക്കൽ സ്വിസ് ഗാർഡ് പ്രഖ്യാപിച്ചു. ‘നിലനിൽക്കുന്ന മൂല്യങ്ങൾ: വിശ്വസ്തത, വിശ്വാസ്യത, പ്രൊഫഷണലിസം, ഐക്യദാർഢ്യം’ എന്നതാണ് 2027 ൽ നടക്കുന്ന റോം ആക്രമണത്തിന്റെ അഞ്ഞൂറാം വാർഷികാഘോഷത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്.
1527 മെയ് ആറിന് നടന്ന ചരിത്രപ്രസിദ്ധമായ ആക്രമണത്തിൽ സ്വിസ് ഗാർഡുകൾ അസാധാരണമായ ധൈര്യത്തോടും അചഞ്ചലമായ വിശ്വസ്തതയോടും കൂടി ക്ലെമന്റ് ഏഴാമൻ മാർപാപ്പയെ സംരക്ഷിച്ചു. ആ പോരാട്ടത്തിൽ 147 സ്വിസ് ഗാർഡുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം, ബാക്കിയുള്ള 42 ഗാർഡുകൾ മാർപാപ്പയെ സുരക്ഷിതമായി കാസിൽ സെന്റ് ആഞ്ചലോയിലേക്കു നയിച്ചു.
“1527 ലെ ‘സാക്കോ ദി റോമ’ (Sacco di Roma) ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സംഭവങ്ങളിലൊന്നാണ്. ഈ വാർഷിക വർഷം ഞങ്ങളുടെ മുൻഗാമികളുടെ ആത്മത്യാഗത്തെയും വിശ്വസ്തതയെയും ഓർമ്മപ്പെടുത്തുന്നു. ഒപ്പം, അന്നത്തെ ആ മൂല്യങ്ങൾ ഇന്നും ഞങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും മാർപാപ്പയ്ക്കുള്ള സേവനത്തിൽ അത് പ്രതിഫലിക്കുന്നുണ്ടെന്നും കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ആദരവോടെയുള്ള ഓർമ്മപ്പെടുത്തലിന്റെയും കൂടിക്കാഴ്ചയുടെയും നന്ദിയുടെയും വർഷമാണ്,” പൊന്തിഫിക്കൽ സ്വിസ് ഗാർഡ് കമാൻഡർ കേണൽ ക്രിസ്റ്റോഫ് ഗ്രാഫ് പ്രസ്താവനയിൽ പറഞ്ഞു.
2027 ജനുവരി 23 ന് സ്വിറ്റ്‌സർലൻഡിലെ ബ്രിഗിൽ നടക്കുന്ന ചരിത്രകാരന്മാരുടെ സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. അന്നത്തെ രാഷ്ട്രീയ, സൈനിക, മതപരമായ സാഹചര്യങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് പഠിക്കുന്ന ഒരു പുസ്തകവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
2027 ഏപ്രിൽ 16 മുതൽ 19 വരെ, സൂറിച്ചിലെ ഗിൽഡുകളുടെ സെൻട്രൽ കമ്മിറ്റിയുടെ ക്ഷണപ്രകാരം സൂറിച്ച് വസന്തോത്സവമായ ‘സെക്‌സെലോട്ടനിൽ’ (Sechseläuten) സ്വിസ് ഗാർഡ് പങ്കെടുക്കും.
1527 ലെ ആക്രമണത്തിൽ ഗാർഡിനെ നയിക്കുകയും ജീവൻ വെടിയുകയും ചെയ്ത സൂറിച്ച് സ്വദേശിയായ അന്നത്തെ കമാൻഡർ കാസ്പർ റോയിസ്റ്റും (Kaspar Röist) സൂറിച്ച് നഗരവും തമ്മിലുള്ള ചരിത്രപരമായ ബന്ധം എടുത്തുകാണിക്കാൻ ഇത് സഹായിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
2027 മെയ് അഞ്ച് മുതൽ ഏഴു വരെ വത്തിക്കാനിൽ നടക്കുന്ന ചടങ്ങുകളോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലെത്തും. സന്ധ്യാപ്രാർഥന (Vespers), രക്തസാക്ഷികളായ ഗാർഡുകളുടെ ഓർമ്മയ്ക്കായി പുതിയ സ്മാരകഫലകം അനാച്ഛാദനം ചെയ്യൽ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കുർബാന, സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പുതിയ ഗാർഡുകളുടെ സത്യപ്രതിജ്ഞ, സ്വിസ് ആർട്ടിസ്റ്റ് ഗെറി ഹോഫ്സ്റ്റെറ്ററുടെ ലൈറ്റ്-ആർട്ട് പ്രൊജക്ഷൻ തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
2027 സെപ്റ്റംബർ നാലിന് സ്വിറ്റ്‌സർലൻഡിലെ ഐൻസീഡെൽനിൽ പൂർവ സ്വിസ് ഗാർഡുകളുടെ ദേശീയ തീർഥാടനം നടക്കും. മതപരമായ ചടങ്ങുകൾക്കു പുറമെ, ആഘോഷ വർഷത്തിനായി തയ്യാറാക്കിയ ചിത്രത്തിന്റെ ആദ്യപ്രദർശനവും ലൈറ്റ് ആർട്ട് പ്രൊജക്ഷനും പരിപാടിയിൽ ഉണ്ടാകും.
ഒരു ചരിത്രസംഭവത്തെ ഓർമ്മിക്കുക മാത്രമല്ല, യൂണിഫോമിലുള്ള മനുഷ്യരെയും നൂറ്റാണ്ടുകളായി സ്വിസ് ഗാർഡിന്റെ സേവനത്തെ രൂപപ്പെടുത്തിയ മൂല്യങ്ങളെയും കേന്ദ്രീകരിച്ചാണ് ഈ വാർഷിക വർഷം സംഘടിപ്പിക്കുന്നത് എന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ സ്വിസ് ഗാർഡിന്റെ ദൗത്യത്തെക്കുറിച്ചുള്ള ധാരണ ആഴത്തിലാക്കാനും വത്തിക്കാനിൽ സേവനമനുഷ്ഠിക്കാൻ യുവാക്കളായ സ്വിസ് പൗരന്മാരെ പ്രോത്സാഹിപ്പിക്കാനും, ഈ ചരിത്രസ്ഥാപനവുമായി സ്വിറ്റ്‌സർലൻഡിനുള്ള ബന്ധം വ്യക്തമാക്കാനും ഈ ഓർമ്മവർഷം ലക്ഷ്യമിടുന്നു.

Be the first to comment