യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പൊലീസ് നടപടി: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പൊലീസ് നടപടിയെന്ന് ഡിവൈഎഫ്‌ഐ. യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെയാകെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ഥിതിയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വിഷയം അറിഞ്ഞ് എത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഉള്‍പ്പെടെ മൃഗീയമായി ആക്രമിക്കുകയാണ് പൊലീസെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും വാലുകളായി മാറി അവരുടെ വാക്കും കേട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇത്തരത്തിലുള്ള ഹീനമായ ആക്രമണം നടത്തിയത് കേരളത്തിലെ യുവജന പ്രസ്ഥാനം കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നൽകി. ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ പുറത്ത് നിര്‍ത്തി പൊലീസ് ഹോസ്റ്റലിലേക്ക് കയറിയത് ആരുടെ നിര്‍ദേശ പ്രകാരമാണ്? ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ തല തല്ലിപ്പൊളിക്കാന്‍ മാത്രം എന്ത് വിഷയമാണ് ഇന്ന് ഉണ്ടായതെന്നും ഡിവൈഎഫ്‌ഐ ചോദിച്ചു.

ഈ രീതിയില്‍ അക്രമം അഴിച്ചുവിടാനാണ് തീരുമാനം എങ്കില്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങും. തെരുവില്‍ നേരിടേണ്ട വരെ തെരുവില്‍ തന്നെ നേരിടും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേരളാ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ വിദ്യാര്‍ത്ഥികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹോസ്റ്റലില്‍ കയറിയ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ ആരോപണം.

പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിവിധ സിപിഐഎം നേതാക്കളും രംഗത്തെത്തി. നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഹോസ്റ്റലിന്റെ പുറത്തേയ്ക്ക് ഇറങ്ങാത്ത വിദ്യാര്‍ത്ഥികളെപ്പോലും പൊലീസ് തല്ലിച്ചതച്ചുവെന്നും പൊലീസുകാരോട് സഹകരിച്ച തങ്ങളെ തല്ലിയോടിക്കുകയാണ് ചെയ്തതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*