മനുഷ്യത്വത്തിനെതിരായ ദയാവധം അംഗീകരിക്കാനാവില്ല: ലിയോ പതിനാലാമൻ പാപ്പാ

ലൂർദിലെ പരിശുദ്ധ അമ്മയുടെ തീർത്ഥാടന കേന്ദ്രത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, എത്തിച്ചേരുന്ന തീർത്ഥാടകർക്ക്, പ്രത്യേകമായി രോഗികളായ സഹോദരങ്ങൾക്ക്, ശാരീരികവും മാനസികവും ആത്മീയവുമായ പരിചരണം നൽകുന്ന “അക്യുയിൽ നോത്ര-ദാം” സ്ഥാപനത്തിൽ എത്തിച്ചേരുവാൻ സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തു പറഞ്ഞുകൊണ്ടാണ്, രോഗികളെയും അവരെ പരിപാലിക്കുന്നവരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം ലിയോ പതിനാലാമൻ പാപ്പാ ആരംഭിച്ചത്.  നൂറ്റിയമ്പത് വർഷങ്ങൾക്ക് മുകളിലായി ഈ സ്ഥാപനം ചെയ്യുന്ന സേവനങ്ങളെയും പാപ്പാ നന്ദിയോടെ സ്മരിച്ചു.  പരിശുദ്ധമായ കൂടിച്ചേരലിന്റെ ഇടമാണ് ഇതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തീർത്ഥാടന കേന്ദ്രത്തിന്റെ ഈ വർഷത്തെ അജപാലന പ്രമേയമായ, പരിശുദ്ധ മറിയത്തോടുള്ള ഗബ്രിയേൽ ദൈവദൂതന്റെ അഭിവാദ്യമായ, “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!”, എന്ന വചനം ഉദ്ധരിച്ചുകൊണ്ട്,  ഈ കണ്ടുമുട്ടലിൽ, ഒരു യുവതിയുടെ താഴ്മയും ഔദാര്യവും ദൈവത്തെ തന്റെ രക്ഷാകര കർമ്മം പൂർത്തിയാക്കുവാൻ അനുവദിച്ചുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. മറിയം എന്നാൽ കർത്താവിനെ തനിക്കുവേണ്ടിയല്ല സൂക്ഷിച്ചതെന്നും, മറിച്ച്, അവൾ “കർത്താവ് നിങ്ങളോടുകൂടെ” എന്ന് പറഞ്ഞുകൊണ്ട് ലോകത്തിന് അവനെ സമർപ്പിച്ചുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇത് മനുഷ്യന്റെ അന്തസ്സിന്റെ അലംഘനീയതയെ എടുത്തു കാണിക്കുന്നുവെന്നും, ദൈവത്തിന്റെ ദൃഷ്ടിയിൽ ആരും അദൃശ്യരല്ലെന്ന് ഈ മാതൃഭാവം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

മനുഷ്യജീവിതത്തിന്റെ അന്തസ്സിന്റെ നേർക്ക്, കണ്ണടയ്ക്കുകയോ, പാതി മാത്രം നോക്കുകയോ ചെയ്യുന്ന ഒരു സാഹചര്യത്തിൽ, ജീവിതത്തെ അതിന്റെ ആഴത്തിൽ മനസിലാക്കുന്ന ഒരു ധ്യാനാത്മക കാഴ്ചപ്പാട് വളർത്തിയെടുക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ സൗന്ദര്യവും, സ്വാതന്ത്ര്യവും, ഉത്തരവാദിത്വവും, തിരിച്ചറിയുകയും, യാഥാർത്ഥ്യത്തെ കൈവശപ്പെടുത്തുമെന്ന് കരുതാതെ, പകരം അതിനെ ഒരു സമ്മാനമായി സ്വീകരിക്കുന്നവരുടെ കാഴ്ചപ്പാടാണിതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇപ്രകാരം, എല്ലാ കാര്യങ്ങളിലും സ്രഷ്ടാവിന്റെ പ്രതിഫലനം കണ്ടെത്തുകയും, ഓരോ വ്യക്തിയിലും അവന്റെ ജീവനുള്ള പ്രതിച്ഛായ കാണുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

മംഗളവാർത്ത അറിയിക്കുന്ന വേളയിൽ , ദൈവികദൃഷ്ടി മറിയത്തിൽ പതിയുന്ന അവസരത്തിൽ, അവൾ താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് എന്ന് തിരിച്ചറിയുന്നുവെന്നും, ഇത് തന്നെയാണ് നമ്മുടെ വ്യക്തി ജീവിതത്തിലും, നാമെല്ലാവരും ദൈവത്താൽ വ്യക്തിപരമായി വിളിക്കപ്പെടുകയും ജീവന്റെ ഉറവിടമായ ദൈവത്തോടുള്ള സ്നേഹത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നവരാണ് എന്ന് കണ്ടെത്തുവാൻ സഹായിക്കുന്നതെന്നും, അതിനാൽ, മനുഷ്യാന്തസ്സിനെ അളക്കാനോ, അപര്യാപ്തമായ രീതിയിൽ  ചർച്ച ചെയ്യാനോ കഴിയില്ല എന്ന് പാപ്പാ എടുത്തു പറഞ്ഞു.

രോഗങ്ങളും, കഷ്ടപ്പാടുകളും മൂലം ചിലപ്പോൾ ജീവിതത്തിന്റെ ചക്രവാളം ഇരുണ്ടതും അനിശ്ചിതത്വവും പ്രതീക്ഷയില്ലാത്തതുമായി കാണപ്പെടുമെങ്കിലും, ഒരു മനുഷ്യ നിയമവും മനുഷ്യാന്തസ്സിനു മേൽ കടന്നുകയറ്റം നടത്തുവാൻ അനുവദിക്കരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു. വ്യാജ അനുകമ്പയുടെ മറവിൽ ആസൂത്രിതമായ മരണത്തിന് കാരണമാകാനുള്ള പ്രലോഭനത്തെ ചെറുക്കണമെന്നും പാപ്പാ പറഞ്ഞു.

വേദനിക്കുന്നവനെ ഹനിക്കുകയല്ല, മറിച്ച് അവനെ പരിപാലിക്കുകയാണ് വേണ്ടതെന്നും, അതിനാൽ, ലബോറട്ടറി അൽഗോരിതങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു ഭ്രൂണത്തിന്റെയോ പ്രായമായ വ്യക്തിയുടെയോ ജീവിതം തീരുമാനിക്കാനുള്ള അവകാശം ആർക്കും ഒരിക്കലും ഇല്ലെന്നും, വൈദ്യശാസ്ത്രം ഒരിക്കലും ആസൂത്രണം  ചെയ്ത മരണത്തിന്റെ സേവകനാകരുതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇക്കാര്യത്തിൽ, പാലിയേറ്റീവ് പരിചരണത്തിനും ഗവേഷണത്തിനുമുള്ള ഘടനകൾ വികസിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

“രോഗികളായ പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങൾ  ഒരു ഭാരമല്ലെന്ന് നിങ്ങളോടു  പറയുവാൻ  ഞാൻ  ആഗ്രഹിക്കുന്നു. നിങ്ങൾ  മാനവികതയുടെ മിടിക്കുന്ന ഹൃദയവും, സഭയുടെ വിലയേറിയ നിധിയുമാണ്. നിങ്ങൾ  കടന്നുപോകുന്ന പരീക്ഷണങ്ങൾ  ഞാൻ  എന്റെ പ്രാർത്ഥനകളിൽ ഓർക്കുന്നു”, പാപ്പാ പറഞ്ഞു. സന്ദേശത്തിന്റെ അവസാനമാ പാപ്പാ ഏവർക്കും, തദവസരത്തിൽ കൂടിക്കാഴ്ചയിൽ സംബന്ധിക്കുവാൻ സാധിക്കാത്തവർക്കുവേണ്ടി പോലും പ്രാർത്ഥിക്കുകയും, പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*