സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 3’-യുടെ അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസും പ്രദർശനവും തടയണമെന്നാവശ്യപ്പെട്ട് പ്രൊഡക്ഷൻ ഹൗസായ രാജ്കുമാർ തിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. ഇടക്കാല ഉത്തരവിലൂടെ ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് സ്റ്റേ നൽകാനാകില്ലെന്ന് ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതി വ്യക്തമാക്കി.
ദൃശ്യം 3-യുടെ ഹിന്ദി റീമേക്ക് പകർപ്പവകാശം തങ്ങൾക്കുണ്ടെന്ന് തെളിയിക്കുന്നതിന് ആവശ്യമായ കൃത്യമായ രേഖകൾ നിലവിലെ ഘട്ടത്തിൽ ഹാജരാക്കാൻ ഹരജിക്കാരായ രാജ്കുമാർ തിയേറ്റേഴ്സിന് സാധിച്ചിട്ടില്ലെന്ന് ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
തർക്കം പകർപ്പവകാശത്തെച്ചൊല്ലി; കോടതി നിരീക്ഷണം ഇങ്ങനെ
ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് രാജ്കുമാർ തിയേറ്റേഴ്സ് കോടതിയെ സമീപിച്ചത്. അഭിഷേക് പഥക് സംവിധാനം ചെയ്ത് അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി പതിപ്പിന്റെ ആഗോള റിലീസ് തടയണമെന്നായിരുന്നു ആവശ്യം.
2013 ഡിസംബറിൽ മോഹൻലാൽ നായകനായ മലയാളം ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ റീമേക്ക് അവകാശങ്ങൾക്കായി ജീത്തു ജോസഫുമായും ആശീർവാദ് സിനിമാസുമായും കരാറുണ്ടാക്കിയിരുന്നുവെന്ന് ഹരജിക്കാർ വാദിച്ചു. തെലുങ്ക് അവകാശങ്ങൾക്ക് പുറമെ, വൈഡ് ആംഗിൾ ക്രിയേഷൻസുമായി ചേർന്ന് 50 കോടി രൂപ നൽകി ഹിന്ദി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ ഭാഷകളുടെ പകർപ്പവകാശം തുല്യമായി പങ്കിടാൻ 2014-ൽ ധാരണയുണ്ടാക്കിയിരുന്നുവെന്നും തങ്ങളുടെ അനുമതിയില്ലാതെയാണ് ഹിന്ദിയിൽ മൂന്നാം ഭാഗം ചിത്രീകരിച്ചതെന്നും രാജ്കുമാർ തിയേറ്റേഴ്സ് ആരോപിച്ചു.

Be the first to comment