അമേരിക്കയിലെ ടെന്നീസിയിൽ തടവുകാരി ക്രിസ്‌റ്റ പൈക്കിൻ്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു തവണ വിഷം കുത്തിവെച്ചിട്ടും ക്രിസ്‌റ്റ പൈക്ക് മരിച്ചില്ല. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്‌റ്റ. യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.
2026 സെപ്റ്റംബർ 30 ബുധനാഴ്ച രാത്രി റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ക്രിസ്‌റ്റയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. രണ്ട് തവണ വിഷം കുത്തിവെച്ചിട്ടും ഇവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ല. 40 മിനിറ്റിനു ശേഷം മയക്കത്തിലായ ക്രിസ്‌റ്റ, ശ്വാസമെടുക്കുന്നത് തുടരുകയായിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്കു മാറ്റി.
സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഈ വർഷാവസാനം വരെയെങ്കിലും നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച ടെന്നീസി ഗവർണർ ബിൽ ലീ, സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരിയുടെ ശിക്ഷ നടപ്പാക്കുന്നതിൽ തൻ്റെ സംസ്ഥാനം പരാജയപ്പെട്ടു. മാരകമായ വിഷം ഇരട്ടി ഡോസ് നൽകിയിട്ടും, 40 മിനിറ്റിന് ശേഷവും ക്രിസ്‌റ്റ ജീവനോടെ തുടരുകയായിരുന്നു’ എന്ന് ബിൽ ലീ പ്രതികരിച്ചു.
1995 ജനുവരി 12-ന്, തൻ്റെ 18-ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്സെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്‌റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. തൻ്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ക്രിസ്‌റ്റ പൈക്കും കാമുകനും ചേർന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തി, ബോക്‌സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിചാരണാവേളയിൽ കുറ്റം ഏറ്റുപറഞ്ഞ ക്രിസ്‌റ്റ മാപ്പപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു. ക്രിസ്‌റ്റയുടെ കാമുകന് ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. വധശിക്ഷ തടയണമെന്ന ക്രിസ്‌റ്റയുടെ അവസാന അപേക്ഷയും യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.

Be the first to comment