ലോസ് ഏഞ്ചൽസ് പൊതുചത്വരത്തിലെ കുരിശും പുൽക്കൂടും നീക്കം ചെയ്യേണ്ടതില്ല: ഫെഡറൽ അപ്പീൽ കോടതി

ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ എൽ പ്യൂബ്ലോ (El Pueblo) പൊതുചത്വരത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ പത്ത് അടി ഉയരമുള്ള മരക്കുരിശും ക്രിസ്മസ് പുൽക്കൂട് പ്രദർശനവും മാറ്റേണ്ടതില്ലെന്ന് യു.എസ്. ഫെഡറൽ അപ്പീൽ കോടതി ഉത്തരവിട്ടു. പൊതുസ്ഥലത്തെ മതപരമായ പ്രതീകങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജി തള്ളിയാണ് യു.എസ്. കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി നൈൻത്ത് സർക്യൂട്ട് നിർണ്ണായക വിധി പ്രസ്താവിച്ചത്.

2025-ൽ പ്രദേശവാസിയായ ഒരു നിരീശ്വരവാദിയാണ് കോടതിയെ സമീപിച്ചത്. പൊതുചത്വരത്തിലെ കുരിശും ക്രിസ്മസ് കാലത്തെ പുൽക്കൂടും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, ഇത് നിരീശ്വരവാദികളെ ഒഴിവാക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചായിരുന്നു ഹർജി. ഇത്തരം മതചിഹ്നങ്ങൾ ഭരണഘടനയുടെ ഒന്നാം ഭേദഗതിക്ക് (First Amendment) വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇവ നീക്കം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, മുൻപ് ജില്ലാ കോടതിയും തുടർന്ന് ഇപ്പോൾ അപ്പീൽ കോടതിയും ഈ വാദം പൂർണ്ണമായും തള്ളുകയായിരുന്നു.

1929-ൽ ലോസ് ആഞ്ചലസിന്റെ 148-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ടതാണ് ഒൽവേര സ്ട്രീറ്റിലെ (Olvera Street) ഈ മരക്കുരിശ്. ഇത് നഗരത്തിന്റെ മെക്സിക്കൻ-അമേരിക്കൻ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണെന്ന് കോടതി വിലയിരുത്തി. രാജ്യത്തിന്റെ ചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട മതപരമായ ചിഹ്നങ്ങൾ ഒരാൾക്ക് അനിഷ്ടം തോന്നിയെന്ന കാരണത്താൽ മാത്രം നീക്കം ചെയ്യാൻ ഭരണഘടന ആവശ്യപ്പെടുന്നില്ലെന്ന് കേസിൽ ഹാജരായ നിയമ സംഘടനയായ ‘ബെക്കറ്റിന്റെ’ (Becket) അഭിഭാഷക ആൻഡ്രിയ ബട്ട്‌ലർ വ്യക്തമാക്കി.

ലോസ് ആഞ്ചലസ് എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ളതാണെന്നും, പൊതുചത്വരത്തിൽ നിലനിൽക്കുന്ന ഈ ചരിത്ര സ്മാരകങ്ങൾ പ്രദേശത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് കാണിക്കുന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. അപ്പീൽ കോടതിയുടെ ഈ തീരുമാനത്തോടെ, വരാനിരിക്കുന്ന കേസിന്റെ തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കുരിശും വാർഷിക പുൽക്കൂട് പ്രദർശനവും പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ കാണാനായി പൊതുചത്വരത്തിൽ തന്നെ തുടരും.

Be the first to comment

Leave a Reply

Your email address will not be published.


*