അമേരിക്ക- ഇറാൻ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും; ഹോർമുസ് തുറക്കേണ്ടത് പ്രധാനമ വിഷയമെന്ന് തുർക്കി

അമേരിക്ക- ഇറാൻ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും . ഉറപ്പുകൾ പാലിക്കാൻ അമേരിക്ക തയ്യാറായാൽ ഹോർമുസ് ജലപാത വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത മാർഗങ്ങളെക്കുറിച്ച് ഒമാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അബ്ബാസ് അരഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് അതീവ പ്രധാനമായ വിഷയമാണെന്ന് തുർക്കി പ്രസിഡൻ്റ് തയ്യിബ് എർദോഗൻ വ്യക്തമാക്കി.

ഹോർമുസ് ജലപാത വീണ്ടും തുറക്കുന്നത് ജൂണിൽ ഒപ്പുവച്ച ഇറാൻ – അമേരിക്ക ധാരണാപത്രം അമേരിക്ക പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി പറഞ്ഞു. ജലപാത തുറക്കാനുള്ള ശ്രമങ്ങളെ തുർക്കി പിന്തുണയ്ക്കുമെന്നും എർദോഗൻ പറഞ്ഞു. അതിനിടെ അമേരിക്കൻ വിമാനവാഹിനി കപ്പൽ യു എസ് എസ് ജോർജ് വാഷിങ്ടൺ പശ്ചിമേഷ്യയിലെത്തി. പശ്ചിമേഷ്യയിലുള്ള വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണെ മാറ്റുന്നതിൻ്റെ ഭാഗമായാണ് ജോർജ് വാഷിങ്ടണ്ണിൻ്റെ വരവ്.

അതിനിടെ സൗദി-തുർക്കി-പാകിസ്ഥാൻ പ്രതിരോധ കരാറിനെ പ്രശംസിച്ച് ട്രംപ് രം​ഗത്തെത്തി. പശ്ചിമേഷ്യയിലെ രാജ്യങ്ങൾ ഒരുമിക്കുകയും സ്വയം പ്രതിരോധ മാർഗങ്ങൾ തേടുകയും ചെയ്യുന്നത് അഭിനന്ദനാർഹമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെയുള്ള ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ തുടരുകയാണ്. ഇസ്രയേലി സൈന്യത്തിൻ്റെ പിന്തുണയോടെയാണ് അതിക്രമങ്ങൾ. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി നീക്കങ്ങൾ യു.എൻ അപലപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*