മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതെ ഭരണഘടനയോട് കൂറുപുലർത്തി നിഷ്പക്ഷമായി പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണെന്നും വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരമായി ഇടപെടണമെന്നും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ലംഘനങ്ങൾ തെളിഞ്ഞാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം ഡൽഹി, ബിഹാർ, അസം, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഒഡീഷ, ജമ്മു കശ്മീർ ഉൾപ്പെടെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിഹാറിലും അസമിലും മുതിർന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment