മനോജ് കെ. ജയന്റെ സോഷ്യൽ മീഡിയ കുറിപ്പ്
‘ഒത്തിരി സന്തോഷമുള്ള ദിവസം. എന്റെ പ്രിയപുത്രി കുഞ്ഞാറ്റയുടെ ആദ്യ സിനിമ ഇന്ന് ഷൂട്ട് തുടങ്ങി. മോളുടെ കുറെ നാളത്തെ ആ സ്വപ്നം ഇന്ന് യാഥാർഥ്യമാകുന്നു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ സുനിൽ കുമാർ നിർമിച്ച്, ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ശ്രീ റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന, മലയാളത്തിലെ യുവനിരയിലെ ഏറ്റവും പ്രഗത്ഭരായ അഭിനേതാക്കളിൽ ഒരാളായ ശ്രീനാഥ് ഭാസി നായകനാവുന്ന ‘പ്രിയതമൻ’ എന്ന ഈ സിനിമ ഏറ്റവും വലിയ വിജയമാകാൻ പ്രാർഥിക്കുന്നു. പ്രിയമുള്ളവരായ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും പ്രോത്സാഹനവും എന്റെ മോൾക്കും ഈ സിനിമയ്ക്കും ഉണ്ടാവണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.’ – മനോജ് കെ. ജയൻ കുറിച്ചു.
ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റെജി പ്രഭാകരൻ ആണ് സംവിധാനം ചെയ്യുന്നത്. പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു രസികൻ കുടുംബചിത്രമായാണ് ‘പ്രിയതമൻ’ ഒരുക്കുന്നത്.
ഏറെ ആത്മബന്ധമുള്ള ഒരമ്മയുടെയും മകന്റെയും ജീവിതത്തിനിടയിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് നർമമുഹൂർത്തങ്ങളിലൂടെ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ‘പ്രിയ’യായി തേജാലക്ഷ്മിയും ‘വിശ്വാസ്’ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു.

Be the first to comment