കൊച്ചി: റോഡിലെ സുരക്ഷ മുൻനിർത്തി വാഹന മോഡിഫിക്കേഷനുകൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവത്തോടെയും സൂക്ഷ്മമായും പരിശോധിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് അടക്കമുള്ള അനധികൃത മാറ്റങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ കർശന ഇടപെടൽ. കാസർഗോഡും കോട്ടയത്തും അടുത്തിടെയുണ്ടായ വാഹനാപകടങ്ങൾ ഉദാഹരിച്ചായിരുന്നു കോടതിയുടെ വിമർശനം.
നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾക്കെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ ഗതാഗത കമ്മീഷണർക്ക് കോടതി കർശന നിർദേശം നൽകി. നിയമപരമായി അനുവദനീയമല്ലാത്ത യാതൊരുവിധ മോഡിഫിക്കേഷനുകളും വാഹനങ്ങളിൽ അനുവദിക്കാൻ സാധിക്കില്ലെന്നാണ് കോടതിയുടെ നിലപാട്.
മോഡിഫിക്കേഷൻ നടത്തുന്ന വാഹനങ്ങൾക്ക് 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് കോടതി നിർദേശം നൽകിയിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടരാനാണ് കോടതിയുടെ തീരുമാനം.

Be the first to comment