കായികരംഗം ജീവിതത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്ന് ലെയോ പാപ്പ

സ്പെഷ്യൽ ഒളിംപിക്സ് കായികതാരങ്ങളുടെയും പ്രതിനിധികളുടെയും സംഘവുമായി വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. കായികരംഗത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങളെക്കുറിച്ചും പാപ്പ പ്രസംഗത്തിൽ പറഞ്ഞു.

കായികരംഗത്തോടുള്ള തന്റെ വലിയ താത്പര്യം വ്യക്തമാക്കിയ മാർപ്പാപ്പ, സ്പോർട്സ് ജനങ്ങളിൽ ഉന്നതമായ മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്നുവെന്ന് നിരീക്ഷിച്ചു. കഠിനാധ്വാനം, പരസ്പരവിശ്വാസം, തുറന്ന മനസ്സ്, ടീം സ്പിരിറ്റ്, ധൈര്യം എന്നിവയിലൂടെ കായികതാരങ്ങൾ പ്രകടിപ്പിക്കുന്ന അർപ്പണബോധത്തെ പാപ്പ അഭിനന്ദിച്ചു. സാംസ്കാരിക, സാമൂഹിക, മതപരമായ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെ ഒന്നിച്ചുചേർക്കുന്ന സാർവത്രിക ഭാഷയാണ് കായികരംഗമെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ ലെയോ പതിനാലാമൻ മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

“ലോകത്തിന് ഇന്ന് ആവശ്യമുള്ള ആത്മാർത്ഥമായ സന്തോഷവും പ്രതീക്ഷയുമാണ് സ്പെഷ്യൽ ഒളിംപിക്സ് താരങ്ങൾ നൽകുന്നത്. പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും പാത മാത്രമാണ് യഥാർത്ഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതെന്ന് തങ്ങളുടെ ജീവിതത്തിലൂടെ ഈ കായികതാരങ്ങൾ തെളിയിക്കുന്നു”- പാപ്പ വ്യക്തമാക്കി. കായികതാരങ്ങൾ, പരിശീലകർ, സംഘാടകർ എന്നിവരടങ്ങുന്ന സംഘത്തെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ പിയർ ജോർജിയോ ഫ്രസാറ്റിയുടെയും മാധ്യസ്ഥ്യത്തിന് സമർപ്പിച്ച മാർപ്പാപ്പ അവർക്ക് പ്രേഷിത ആശീർവാദവും നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*